ന്യൂഡല്‍ഹി: ജൂണ്‍ ഒന്നിന് പ്രത്യേക തീവണ്ടി സര്‍വീസ് തുടങ്ങരുതെന്ന് അഞ്ചു സംസ്ഥാനങ്ങള്‍ കേന്ദ്രത്തോടഭ്യര്‍ഥിച്ചു. സാധാരണപോലുള്ള തീവണ്ടിഗതാഗതം കോവിഡ് വ്യാപനത്തിന്റെ ആക്കം കൂട്ടുമെന്ന് പശ്ചിമ ബംഗാള്‍, ബിഹാര്‍, ഛത്തീസ്‌ഗഢ്, ഒഡിഷ, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രത്തെ അറിയിച്ചു. അതേസമയം, ശ്രമിക് തീവണ്ടികളും പ്രത്യേക രാജധാനി എക്സ്പ്രസുകളും ഓടിക്കുന്നതിനോട് വിയോജിപ്പില്ല.

പ്രത്യേക വണ്ടികള്‍ക്ക് കണ്ടമാനം സ്റ്റോപ്പനുവദിക്കരുതെന്ന് കേരളവും കര്‍ണാടകവും ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കേരളത്തിന്റെ കാര്യത്തില്‍ ഡല്‍ഹി-എറണാകുളം തുരന്തോ ഒഴികെ നാലു പ്രത്യേക വണ്ടികളുടെ ഏതാനും സ്റ്റോപ്പുകള്‍ കഴിഞ്ഞദിവസം റദ്ദാക്കി. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വരുന്ന പ്രത്യേക വണ്ടികള്‍ക്ക് സംസ്ഥാനത്ത് ഒരിടത്തും സ്റ്റോപ്പനുവദിക്കരുതെന്ന് മഹാരാഷ്ട്ര ആവശ്യപ്പെട്ടിട്ടുുണ്ട്.

പ്രത്യേക വണ്ടികള്‍ സര്‍വീസ് നടത്തുന്നതിനോട് ഒരുവിഭാഗം റെയില്‍വേ ജീവനക്കാര്‍ക്കും വിയോജിപ്പുണ്ട്. ചെന്നൈ മേഖലാ ഓഫീസിലെ ജീവനക്കാരിയും മുംബൈയില്‍ ടി.ടി.ഇ.യും കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ചെന്നൈയില്‍ ലോക്കോ പൈലറ്റിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ശ്രമിക് പ്രത്യേക വണ്ടികൾ സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ റെയില്‍വേ തോന്നുംപോലെ അനുമതി നല്‍കുകയാണെന്ന് പശ്ചിബംഗാള്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ അറിവോടെയല്ല മുംബൈയില്‍നിന്ന് 36 ശ്രമിക് വണ്ടികള്‍ ബംഗാളിലേക്ക് വരുന്നതെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

പ്ലാറ്റ്‌ഫോമിലെ കടകള്‍ തുറക്കില്ലെന്ന് അസോസിയേഷന്‍

റെയില്‍വേസ്റ്റേഷനുകളിലെ സ്റ്റാളുകളും ചെറിയ കടകളും തുറക്കില്ലെന്ന് റെയില്‍വേ ഫുഡ് വെന്‍ഡിങ് അസോസിയേഷന്‍ വ്യക്തമാക്കി. ജൂണ്‍ ഒന്നിന് റെയില്‍ ഗതാഗതം ഭാഗികമായി തുടങ്ങുമ്പോള്‍ ഭക്ഷണശാലകളും മറ്റും തുറക്കാന്‍ റെയില്‍വേ ബോര്‍ഡ് മേയ് 21-നിറക്കിയ ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു. ദീര്‍ഘകാലം അടച്ചിടുന്നത് ബുദ്ധിമുട്ടാണെങ്കിലും നിലവിലെ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റാളുകള്‍ തുറക്കുക പ്രയാസമാണെന്ന് അഖില ഭാരതീയ റെയില്‍വേ ഖാന്‍-പാന്‍ ലൈസന്‍സീ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ രവീന്ദര്‍ ഗുപ്ത പറഞ്ഞു.