അഹമ്മദാബാദ്: ട്രാക്ടറിന്റെ സീറ്റിൽ കുഷ്യനിട്ട് സഞ്ചരിച്ച രാഹുൽ ഗാന്ധിക്ക് സാധാരണ കർഷകരുടെ മനസ്സറിയില്ലെന്ന് കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രി സ്മൃതി ഇറാനിയുടെ പരിഹാസം. ഗാന്ധിനഗറിൽ കാർഷിക നിയമങ്ങളുടെ പ്രചാരണാർഥമുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്മൃതി.

കഴിഞ്ഞദിവസം കാർഷിക നിയമങ്ങൾക്കെതിരേ പഞ്ചാബിൽ ട്രാക്ടർ റാലിയിൽ രാഹുൽ ഗാന്ധി പങ്കെടുത്തതിനെയാണ് സ്മൃതി വിമർശിച്ചത്. ‘‘രാഹുൽ വി.ഐ.പി. കർഷകനാണ്. അവർക്ക് ചൂഷകരായ ഇടത്തട്ടുകാരെയേ മനസ്സിലാകൂ. പാവപ്പെട്ട കൃഷിക്കാർക്ക് ഉത്‌പന്നങ്ങൾക്ക് അധികവില ലഭിക്കുന്നതിൽ ഇക്കൂട്ടർക്ക് താത്‌പര്യമില്ല’’ -കേന്ദ്ര മന്ത്രി പറഞ്ഞു.

അധികാരത്തിലെത്തിയാൽ കാർഷികനിയമം റദ്ദാക്കുമെന്ന രാഹുൽ ഗാന്ധിയുടെ അവകാശത്തെയും സ്മൃതി ഇറാനി വിമർശിച്ചു. ‘‘കോൺഗ്രസ് അധികാരത്തിൽ എത്താൻ പോകുന്നില്ല. സ്വന്തം സർക്കാരിന്റെ ഓർഡിനൻസ് കീറിയെറിഞ്ഞ പാരമ്പര്യമുള്ള രാഹുലിന് പാർലമെന്റിന്റെ മഹത്ത്വംപറയാൻ അവകാശമില്ലെന്നും’’ അവർ അഭിപ്രായപ്പെട്ടു.

അമേഠിയിൽ രാഹുലിനെ പരാജയപ്പെടുത്തിയാണ് സ്മൃതി ലോക്‌സഭയിൽ എത്തിയത്.