ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിസന്ധിക്കു കാരണം കോവിഡ് മാത്രമല്ലെന്നും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ കൂടിയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ നാശം കൊണ്ടുവന്നെന്നും ഇടത്തരക്കാരെ ദരിദ്രരാക്കിയെന്നും രാഹുൽ കുറ്റപ്പെടുത്തി. പൊള്ളയായ പ്രസംഗങ്ങൾക്കുപകരം രാജ്യത്തിനാവശ്യം പരിഹാരമാണെന്നും അദ്ദേഹം പറഞ്ഞു.

‘ദരിദ്രർ അക്കങ്ങൾ മാത്രമല്ല. അവർ ജീവനുള്ള മനുഷ്യരും നിസ്സഹായരായ നൂറുകണക്കിന് കുടുംബങ്ങളുമാണ്. എങ്ങനെ നാശം വരുത്താമെന്ന് ബി.ജെ.പി. സർക്കാർ കാണിച്ചു’ -ദാരിദ്ര്യമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെട്ടെന്ന മാധ്യമ വാർത്ത പങ്കുവെച്ച് രാഹുൽ മറ്റൊരു ട്വീറ്റിൽ കുറിച്ചു.

“ഒരു നാൾ നാം വീണ്ടും ആലിംഗനം ചെയ്യും. മനുഷ്യാത്മാവിലും ഇന്ത്യയുടെ ആത്മാവിലും എനിക്ക് പ്രതീക്ഷയും വിശ്വാസവുമുണ്ട്. നമ്മൾ സുഖപ്പെടുത്തും. നമ്മൾ ഈ വൈറസിനെ പരാജയപ്പെടുത്തും. നമ്മളത് കൂട്ടായി ചെയ്യും” -രാഹുൽ കുറിച്ചു.