ലഖ്‌നൗ: ബി.ജെ.പി. തടഞ്ഞുവെച്ച വികസനപ്രവർത്തനങ്ങൾക്ക് പുതുജീവൻ നൽകുമെന്ന വാഗ്ദാനവുമായി അമേഠിയിലെ വോട്ടർമാർക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ കത്ത്. വോട്ടെടുപ്പിന് രണ്ടുനാൾമാത്രം ബാക്കിനിൽക്കേയാണ് ‘അമേഠി കുടുംബത്തിന്’ എന്ന തലക്കെട്ടോടെ അദ്ദേഹം വികാരഭരിതമായ കത്തയച്ചത്.

രാഹുലിന്റെ കത്ത് ഇങ്ങനെ: ‘തിരഞ്ഞെടുപ്പുകാലമാകുമ്പോൾ വോട്ടർമാരെ പിടിക്കാനായി നുണകളുടെ കൂമ്പാരവുമായി, പണമൊഴുക്കി ബി.ജെ.പി. രംഗത്തെത്തും. അമേഠിയുടെ ആത്മാർഥതയും സത്യസന്ധതയും ലാളിത്യവും അവർക്കറിയില്ല. അമേഠി കുടുംബത്തിൽനിന്നാണ് അടിപതറാതെ നിൽക്കാനുള്ള കരുത്ത് എനിക്ക്‌ ലഭിച്ചത്; ആളുകളുടെ കഷ്ടത കേൾക്കാനും അവർക്കുവേണ്ടി ശബ്ദമുയർത്താനും സാധിച്ചത്.

കോൺഗ്രസ് സംവിധാനത്തിൽ ജനങ്ങളാണ് ഉടമകൾ; ബി.ജെ.പി.യിൽ അനിൽ അംബാനിയും. ബി.ജെ.പി. സർക്കാർ തടഞ്ഞുവെച്ചിരിക്കുന്ന വികസനപ്രവർത്തനങ്ങൾ കോൺഗ്രസ് അധികാരത്തിലെത്തിയാൽ വേഗത്തിലാക്കും. മേയ് ആറിന് എല്ലാവരും നിങ്ങളുടെ കുടുംബത്തിലെ അംഗത്തിനുതന്നെ വോട്ടുചെയ്യണം’.

Content Highlights: Rahul gandhi's vote to Amethis people,  Rahul gandhi, 2019Loksabhaelections