ന്യൂഡൽഹി/റായ്‌പുർ: കേന്ദ്രത്തിൽ അധികാരത്തിലെത്തിയാൽ ദാരിദ്ര്യവും വിശപ്പും ഇല്ലാതാക്കാൻ പാവപ്പെട്ടവർക്കെല്ലാം മിനിമം വരുമാനം ഉറപ്പാക്കുമെന്ന് അധ്യക്ഷൻ രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പു വിജയത്തിന് നന്ദിപറയാൻ ഛത്തീസ്ഡഢിലെ റായ്‌പുരിൽ സംഘടിപ്പിച്ച റാലിയിലായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ പ്രഖ്യാപനം. പിന്നീട് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലും അദ്ദേഹം വാഗ്ദാനം ആവർത്തിച്ചു.

“ ദശലക്ഷക്കണക്കിന് സഹോദരീസഹോദരന്മാർ പട്ടിണിയുടെ വിപത്ത് അനുഭവിക്കുമ്പോൾ നവീനഭാരതം കെട്ടിപ്പടുക്കാനാവില്ല. 2019-ൽ അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പാക്കാൻ കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണ്. പാർട്ടിയുടെ ദർശനവും വാഗ്ദാനവുമാണത്”-അദ്ദേഹം പറഞ്ഞു. “1960-ൽ ഹരിതവിപ്ലവം കൊണ്ടുവന്നത് കോൺഗ്രസാണ്. ഭക്ഷ്യസുരക്ഷയും ധവളവിപ്ലവവും ടെലികോം വിപ്ലവവും പോലുള്ള ചരിത്രപദ്ധതികളെല്ലാം കൊണ്ടുവന്നതും കോൺഗ്രസാണ്. അതുപോലുള്ള വൻപദ്ധതിയാവും മിനിമംവരുമാനം ഉറപ്പാക്കുന്നതും. ലോകത്തൊരിടത്തും ഇത്തരമൊരു പദ്ധതി നടപ്പാക്കിയിട്ടില്ല -രാഹുൽ പറഞ്ഞു.

റായ്‌പുരിലെ റാലിയിൽ ബി.ജെ.പി.ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരേയുള്ള കനത്ത ആക്രമണമാണ് രാഹുൽ നടത്തിയത്. കർഷകരുടെ വായ്പകൾ എഴുതിത്തള്ളാൻ പണമില്ലെന്ന് പറഞ്ഞ ബി.ജെ.പി.സർക്കാരിന് വൻകിടക്കാരുടെ വായ്പകൾ തള്ളാൻ മടിയുണ്ടായില്ലെന്ന് അദ്ദേഹം ആരോപിച്ചു. വൻകിട വ്യവസായികൾക്ക് വാരിക്കോരി കൊടുക്കുന്ന സർക്കാർ പാവപ്പെട്ട കർഷകരെ അവഗണിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി.

പാവപ്പെട്ടവരുടെ ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കുന്ന പ്രഖ്യാപനമാണ് രാഹുലിന്റേതെന്ന് മുൻധനമന്ത്രി പി. ചിദംബരം ട്വിറ്ററിൽ കുറിച്ചു. ഇതേക്കുറിച്ച് കോൺഗ്രസ് പ്രകടനപത്രികയിൽ വിശദമാക്കുമെന്ന് അതിനുള്ള സമിതിക്ക്‌ നേതൃത്വം കൊടുക്കുന്ന ചിദംബരം പറഞ്ഞു. 2004-ലും 2014-ലും ഇടയിൽ 1.4 കോടി ജനങ്ങളുടെ ദാരിദ്ര്യം യു.പി.എ. നിർമാർജനം ചെയ്തുവെന്ന് തൊഴിലുറപ്പ് പദ്ധതി സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഇനി ദാരിദ്ര്യം തുടച്ചുനീക്കാൻ ഉറച്ച നടപടി വേണമെന്നും ചിദംബരം പറഞ്ഞു.

content highlights: Rahul Gandhi promises 'minimum income guarantee' to poor