ചെന്നൈ: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തമിഴ് ചലച്ചിത്രസംവിധായകൻ പാ.രഞ്ജിത്തും കൂടിക്കാഴ്ച നടത്തി.

ഡൽഹിയിലുളള രാഹുലിന്റെ വീട്ടിൽ ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച. രണ്ടുമണിക്കൂറോളം ഇരുവരും വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു. കൂടിക്കാഴ്ചയുടെ വിവരങ്ങൾ രാഹുൽ ട്വിറ്ററിൽ കുറിച്ചു. മദ്രാസ്, കബാലി, കാലാ തുടങ്ങിയ സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങളുടെ സംവിധായകൻ പാ.രഞ്ജിത്തിനെയും നടൻ കലൈയരശനെയും കണ്ടെന്നും രാഷ്ട്രീയം, സിനിമ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ദീർഘനേരം സംസാരിച്ചെന്നും കുറിപ്പിൽ പറയുന്നു. രഞ്ജിത്തിനൊപ്പമുള്ള നിമിഷങ്ങൾ താൻ ആസ്വദിച്ചെന്നും ആശയവിനിമയം ഇനിയും തുടരുമെന്നും ഇതിൽ പറയുന്നുണ്ട്.

രാഹുലുമായുള്ള കൂടിക്കാഴ്ച സന്തോഷം പകർന്നുവെന്ന് പാ. രഞ്ജിത്തും ട്വിറ്ററിലൂടെ വ്യക്തമാക്കി. രാഷ്ട്രീയത്തെക്കുറിച്ചും കലയെക്കുറിച്ചും സംസാരിച്ചു. ജാതിയും മതവുമുണ്ടാക്കുന്ന പ്രശ്നങ്ങൾ മതേതരത്വത്തിന് ഭീഷണിയാകുന്നുവെന്ന ആശങ്കയും പങ്കുവെച്ചു. വേറിട്ട ചിന്താഗതി വെച്ചുപുലർത്തുന്നവരുമായി ദേശീയ നേതാവായ രാഹുൽഗാന്ധി കൂടിക്കാഴ്ചയ്ക്ക് തയ്യാറാകുന്നത് ഏറെ സന്തോഷം പകരുന്നുണ്ടെന്നും രഞ്ജിത്തിന്റെ ട്വിറ്റർ കുറിപ്പിൽ പറയുന്നു.

കൂടിക്കാഴ്ചയ്ക്ക് വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെടുത്തി രാഷ്ട്രീയ നിറം കൂടി പകരാനുള്ള നീക്കങ്ങളും സജീവമാണ്.