: തിരഞ്ഞെടുപ്പുതോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് രാജിവെക്കുമെന്ന്‌ ആവർത്തിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി നേതാക്കളുടെ മക്കൾരാഷ്ട്രീയ താത്‌പര്യത്തിനെതിരേ ആഞ്ഞടിച്ചു.

എ.ഐ.സി.സി. ആസ്ഥാനത്ത് ശനിയാഴ്ച നടന്ന പ്രവർത്തകസമിതി യോഗത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്‌, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, മുൻ കേന്ദ്രമന്ത്രി പി. ചിദംബരം എന്നിവരെ രാഹുൽ വിമർശിച്ചു. പ്രാദേശികതലത്തിൽ ശക്തരായ നേതാക്കളെ വാർത്തെടുക്കണമെന്ന് മധ്യപ്രദേശിലെ ഗുണയിൽ തോറ്റ ജ്യോതിരാദിത്യ സിന്ധ്യ ആവശ്യപ്പെട്ടപ്പോഴാണ് രാഹുൽ ബന്ധുരാഷ്ട്രീയത്തിന്റെ പേരിൽ മുതിർന്നനേതാക്കൾക്കെതിരേ തിരിഞ്ഞത്.

മക്കൾരാഷ്ട്രീയം കോൺഗ്രസിനെ തകർക്കുന്നതായി രാഹുൽ കുറ്റപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണമുണ്ടായിട്ടും താനുയർത്തിയ ശക്തമായ പ്രചാരണവിഷയങ്ങൾ താഴെത്തട്ടിൽ ജനങ്ങളിലെത്തിക്കാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. ശക്തമായി ഉയർത്തിയ റഫാൽ പ്രചാരണം ആരുമേറ്റെടുത്തില്ല. ഏറ്റെടുത്തവർ ആരെങ്കിലുമുണ്ടോയെന്നും രാഹുൽ ചോദിച്ചു.

ചിലർ കൈകളുയർത്തിയെങ്കിലും അദ്ദേഹം നിരാകരിച്ചു. നെഹ്രുകുടുംബത്തിന്‌ പുറത്തുനിന്നാരെങ്കിലും നേതൃത്വത്തിലേക്ക് വരട്ടെ എന്ന നിർദേശം ഈ സന്ദർഭത്തിലാണ് രാഹുൽ മുന്നോട്ടുവെച്ചത്. സ്വാതന്ത്ര്യസമരകാലത്തും പിന്നീടും അങ്ങനെ നടന്നതായും അദ്ദേഹം പറഞ്ഞു.

പ്രവർത്തകസമിതിയോഗത്തിന് കമൽനാഥ് എത്തിയില്ല. സന്നിഹിതരായിരുന്ന ഗഹ്‌ലോതും ചിദംബരവും മിണ്ടാതിരുന്നെങ്കിലും രാഹുൽ രാജിവെക്കുമെന്നുറപ്പിച്ചതോടെ ചിദംബരം തനിക്കെതിരേ പറഞ്ഞ വിഷമത്തിലും വികാരഭരിതനായി ഇടപെട്ടു. തമിഴ്‌നാട്ടിൽ രാഹുൽഗാന്ധിയുടെ നേതൃത്വത്തോടുണ്ടായ മതിപ്പാണ് കേരളത്തിലും തമിഴ്‌നാട്ടിലും കോൺഗ്രസിന് വൻവിജയം കിട്ടുന്നതിലേക്ക് നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ മാറിയാൽ ഒട്ടേറെ ആത്മഹത്യകൾ തമിഴ്‌നാട്ടിൽ നടക്കുമെന്നും ആകെയുള്ള ദക്ഷിണേന്ത്യയിലും കോൺഗ്രസ് തകരുമെന്നും ചിദംബരം കൂട്ടിച്ചേർത്തു.

പാർട്ടിയുടെ തോൽവിക്ക് ഉത്തരവാദിയായവരെല്ലാം ഈ മുറിയിൽ ഇരിക്കുന്നുണ്ടെന്നും രാഹുൽ ബി.ജെ.പി.യുടെ തന്ത്രങ്ങൾക്ക് ഇരയാവരുതെന്നും ഈയവസരത്തിൽ പ്രിയങ്കാഗാന്ധി പറഞ്ഞു.

പാർട്ടിയെ പഴയ പ്രതാപത്തിലേക്ക് നയിക്കാനുള്ള ഗുണങ്ങൾ രാഹുൽ ഗാന്ധിക്കുണ്ടെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങും ചൂണ്ടിക്കാട്ടി. രാഹുൽ നല്ലരീതിയിൽ പോരാടിയെന്നും അദ്ദേഹം പറഞ്ഞു. 52 അംഗ പ്രവർത്തകസമിതിയിൽ മുപ്പതിലധികംപേർ രാഹുൽ രാജിവെക്കരുതെന്നാവശ്യപ്പെട്ട് സംസാരിച്ചു.

തോൽവിക്കുകാരണം പാർട്ടിയുടെ പ്രശ്നം മാത്രമല്ലെന്നും വോട്ടിങ് യന്ത്രത്തിലെ ക്രമക്കേടും കാരണമാകാമെന്നും അഹമ്മദ് പട്ടേലും ഗുലാം നബി ആസാദും പറഞ്ഞു.

അതേസമയം, കോൺഗ്രസ് പുനഃസംഘടന വേഗത്തിൽ നടത്താൻ പ്രവർത്തകസമിതി തീരുമാനിച്ചെങ്കിലും വൈകിയേക്കുമെന്നാണ് സൂചന. ഏതാനുംമാസങ്ങൾക്കകം നടക്കാനിരിക്കുന്ന മഹാരാഷ്ട്ര, ഹരിയാണ, ജാർഖണ്ഡ്, ഡൽഹി, ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പുകൾക്കുശേഷമായിരിക്കും പുനഃസംഘടന.

പാർട്ടിതാത്പര്യങ്ങൾക്ക്‌ മുകളിൽ മക്കൾ

‘‘പാർട്ടിതാത്‌പര്യങ്ങൾക്ക്‌ മുകളിലാണ് നേതാക്കൾ മക്കളെ കുടിയിരുത്തിയത്. മകനെ നിർത്തിയില്ലെങ്കിൽ എങ്ങനെയാണ് മുഖ്യമന്ത്രിയായി തുടരുക എന്നാണ് കമൽനാഥ് ചോദിച്ചത്. മകന് സീറ്റ് നൽകിയില്ലെങ്കിൽ രാജിവെക്കുമെന്നായിരുന്നു ചിദംബരത്തിന്റെ ഭീഷണി. മുഖ്യമന്ത്രി ഗഹ്‌ലോത്‌ മകന്റെ മണ്ഡലത്തിൽ ഏഴുദിവസമാണ് പ്രചാരണത്തിന് ചെലവഴിച്ചത്. മറ്റിടങ്ങളിലെ ജയം അദ്ദേഹത്തിന് കാര്യമായിരുന്നില്ല’’ -വികാരഭരിതനായി രാഹുൽഗാന്ധി പ്രവർത്തകസമിതിയിൽ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഗഹ്‌ലോതിന്റെ മകൻ തോൽക്കുകയുംചെയ്തു.

Content Highlights: rahul gandhi, 2019LoksabhaElections