ന്യൂഡൽഹി: ലഡാക്കിൽ ഇന്ത്യൻപ്രദേശം ചൈന കൈവശപ്പെടുത്തിയെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി. രാഷ്ട്രീയഭാവി ഇല്ലാതായാലും ചൈനയുടെ കാര്യത്തിൽ സത്യം പറയുമെന്നും ഇക്കാര്യം മറച്ചുവെക്കുന്നതാണ് ദേശവിരുദ്ധമെന്നും രാഹുൽ ഗാന്ധി തിങ്കളാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചൈനീസ് വീഡിയോ പരമ്പരയിൽ അഭിപ്രായപ്പെട്ടു.
‘ഇന്ത്യക്കാരനെന്ന നിലയിൽ എന്റെ ആദ്യ മുൻഗണന രാജ്യവും ജനങ്ങളുമാണ്. ഇപ്പോൾ വളരെ വ്യക്തമായ കാര്യം ചൈന നമ്മുടെ അതിർത്തിയിൽ കയറിയിട്ടുണ്ടെന്നതാണ്. അതെന്നെ അലോസരപ്പെടുത്തുന്നു. തുറന്നുപറഞ്ഞാൽ രക്തം തിളപ്പിക്കുന്നു. എങ്ങനെയാണ് മറ്റൊരു രാജ്യത്തിന് നമ്മുടെ അതിർത്തിയിൽ വരാൻ കഴിയുക.
രാഷ്ട്രീയക്കാരനെന്ന നിലയിൽ എന്നോട് നിശ്ശബ്ദനായിരിക്കാനും ജനങ്ങളോടു കള്ളം പറയാനുമാണ് ആവശ്യപ്പെടുന്നത്. ഞാൻ ഉപഗ്രഹചിത്രങ്ങൾ കണ്ടു. വിരമിച്ച സൈനികോദ്യോഗസ്ഥരോട് സംസാരിച്ചു. ചൈന നമ്മുടെ അതിർത്തി കടന്നു എന്ന കാര്യത്തിൽ പൂർണ ബോധ്യമുണ്ട്. എന്നിട്ടും കള്ളം പറയാനാവശ്യപ്പെട്ടാൽ അതു ചെയ്യില്ല. രാഷ്ട്രീയപ്രവർത്തനം പൂർണമായും നരകത്തിലെത്തിയാലും അതിനു തയ്യാറല്ല’’ -രാഹുൽ വീഡിയോയിൽ പറഞ്ഞു.
content highlights: rahul gandhi on china's invasion