കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം വൈകില്ലെന്ന് ഹൈക്കമാൻഡ്. ഇടതുപാർട്ടികളുടെ സമ്മർദം, പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകത്തിൽ മത്സരിക്കുമോയെന്നതിലെ അവ്യക്തത തുടങ്ങിയ ഘടകങ്ങളാണ് തീരുമാനം വൈകാനിടയാക്കുന്നത്.

കേരളമുൾപ്പെടുന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പട്ടിക സമർപ്പിക്കാനുള്ള അവസാനത്തീയതി ഏപ്രിൽ നാലിനാണ്. അതുകൊണ്ട് രാഹുലിന്റെ സ്ഥാനാർഥിത്വപ്രഖ്യാപനം വൈകാതെയുണ്ടാകും. വടകരയിലെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത് സാങ്കേതികം മാത്രമാണെന്നും കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ചൊവ്വാഴ്ച പ്രഖ്യാപിച്ച 12-ാം പട്ടികയിലും രണ്ടിടങ്ങളിലെയും സ്ഥാനാർഥികളുടെ പേരില്ല.

കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്ര പി.സി.സി.കൾ രാഹുൽ തങ്ങളുടെ സംസ്ഥാനത്ത് മത്സരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. ഇതിൽ ആന്ധ്രയിലും തമിഴ്‌നാട്ടിലും മത്സരിക്കേണ്ടെന്ന് തീരുമാനിച്ചു. കർണാടകവും കേരളവും മാത്രമാണ് അന്തിമപരിഗണനയിൽ. കേരളനേതൃത്വം ഒന്നടങ്കം ആവശ്യപ്പെട്ടതിനാൽ വയനാട്ടിൽ മത്സരിക്കുന്ന കാര്യം സജീവപരിഗണനയിലാണ്. എന്നാൽ, കർണാടകത്തിനുവേണ്ടി കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ളവർ സമ്മർദം ചെലുത്തുന്നുണ്ട്.

കർണാടകത്തിൽ 14 മണ്ഡലങ്ങളിലേക്കാണിനി നാമനിർദേശപത്രിക നൽകാനാവുക. ഇവിടെ കോൺഗ്രസിന്റെ സീറ്റുകളിൽ സ്ഥാനാർഥികളെ നിശ്ചയിച്ചിട്ടുണ്ട്. എങ്കിലും രാഹുൽ മത്സരിക്കാൻ തീരുമാനിച്ചാൽ ഇവരെ മാറ്റുന്നതിന് ബുദ്ധിമുട്ടില്ല. ഈ മണ്ഡലങ്ങളിൽ വടക്കൻ കർണാടകത്തിലെ മൂന്നെണ്ണം മാത്രമാണ് സിറ്റിങ് സീറ്റുകൾ. ചിക്കോടി, കലബുർഗി, റായ്ചൂർ എന്നിവ.

ഇതിൽ ഖാർഗെയുടെ സിറ്റിങ് സീറ്റായ കലബുർഗി സംവരണമണ്ഡലമാണ്. അതിനാൽ ചിക്കോടിയും റായ്ചൂരുമാണ് രാഹുലിന് മത്സരിക്കാവുന്നത്. ബി.ജെ.പി.ക്ക് നല്ല വേരോട്ടമുള്ള മേഖലയാണിത്. ഈ മണ്ഡലങ്ങളെക്കാൾ സുരക്ഷിതമാണ് വയനാടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. രാഹുൽ വരുന്നതോടെ ന്യൂനപക്ഷ വോട്ടുകൾ മുഴുവൻ നരേന്ദ്രമോദിയെയും ബി.ജെ.പി.യെയും ശക്തമായി എതിർക്കുന്ന രാഹുലിനും കോൺഗ്രസിനും കിട്ടുമെന്നും കേരളത്തിലെ 20 സീറ്റിലും മുന്നണി ജയിക്കുമെന്നുമാണ് യു.ഡി.എഫ്. നേതൃത്വം കണക്കുകൂട്ടുന്നത്.

രാഹുൽ കേരളത്തിൽ മത്സരിക്കുന്നതിനെതിരേ ഇടതുപാർട്ടികളുടെ സമ്മർദമുണ്ടെന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ നൽകുന്ന സൂചന. കേരളത്തിൽ മത്സരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന് ഇടതുനേതാക്കൾ യു.പി.എ.യിലെ മറ്റു പാർട്ടികളുടെ നേതാക്കൾ മുഖേന രാഹുലിനെ ധരിപ്പിച്ചു. രാഹുൽ പിന്മാറണമെന്നും ഇടതുപക്ഷം അഭ്യർഥിച്ചിട്ടുണ്ട്. മതേതര ബദലിനുള്ള ശ്രമത്തിൽ ഒപ്പമുള്ള ഇടതുപക്ഷത്തെ പരിഗണിക്കുന്ന സമീപനമാണ് രാഹുലിൻറേത്. ഇതും തീരുമാനത്തെ അനിശ്ചിതത്വത്തിലാക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകത്തിൽനിന്ന് മത്സരിക്കുമെന്നും അഭ്യൂഹമുയർന്നിരുന്നു. ഇക്കാര്യത്തിൽ വ്യക്തതയില്ലാത്തതും രാഹുലിന്റെ രണ്ടാം മണ്ഡലം വൈകിക്കുന്നുണ്ട്.

കർമഭൂമി അമേഠി തന്നെ

കേരളത്തിൽനിന്നും കർണാടകത്തിൽനിന്നും തമിഴ്‌നാട്ടിൽനിന്നും രാഹുൽ മത്സരിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്. അവിടങ്ങളിലെ നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം മാനിക്കും. തീരുമാനം ഉണ്ടാകും. അതറിയിക്കും. പക്ഷേ, രാഹുലിന്റെ കർമഭൂമി അമേഠി ആയിരിക്കും

-രൺദീപ് സിങ് സുർജേവാല, കോൺഗ്രസ് വക്താവ്

content highlights: Rahul Gandhi may contest from Wayanad in Kerala