ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തിപരമായി അഴിമതിനടത്തിയതിന്റെ വിവരങ്ങള്‍ കൈവശമുണ്ടെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചാല്‍ രേഖകള്‍ പുറത്തുവിടും. അതുഭയന്നാണ് സര്‍ക്കാര്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കാത്തത്. പാര്‍ലമെന്റ് മന്ദിരത്തില്‍ മറ്റു പ്രതിപക്ഷ നേതാക്കള്‍ക്കൊപ്പം പത്രസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.
 
ലോക്‌സഭയ്ക്കുള്ളില്‍ തന്നെ പ്രധാനമന്ത്രി വ്യക്തിപരമായി ഭയക്കുന്നു. വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ അദ്ദേഹത്തിന്റെ ഊതിവീര്‍പ്പിച്ച പരിവേഷം തകരും. പ്രധാനമന്ത്രിക്കെതിരെ കൈവശമുള്ള രേഖകള്‍ ലോക്‌സഭയില്‍ മാത്രമേ വെളിപ്പെടുത്തൂ.
 
പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കാനാണ് ശ്രമം. ശീതകാലസമ്മേളനം തുടങ്ങിയപ്പോള്‍മുതല്‍ വിഷയത്തില്‍, ഉപാധികളില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അനുവദിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടുവരുന്നു. സ്​പീക്കറെയും കണ്ടു. എന്നാല്‍, സര്‍ക്കാര്‍ ചര്‍ച്ചയ്ക്കായി ഒരു താത്പര്യവും കാട്ടിയില്ല.
 
രാജ്യത്തെ പാവപ്പെട്ടവരെയാണ് മോദി ദ്രോഹിച്ചത്. പ്രതിപക്ഷത്തിനെതിരെ അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കാതെ പ്രധാനമന്ത്രി സഭയില്‍ വരണം. എന്തുകൊണ്ട് തെളിവുകള്‍ പാര്‍ലമെന്റിന് പുറത്ത് ഉന്നയിക്കുന്നില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ജനം തന്നെ തിരഞ്ഞെടുത്തതാണെന്നും ലോക്‌സഭയില്‍ പ്രശ്‌നം ഉന്നയിക്കുക തന്റെ അവകാശമാണെന്നും രാഹുല്‍ പറഞ്ഞു.
 
പ്രതിപക്ഷനേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സുദീപ് ബന്ദോപാധ്യായ, താരീഖ് അന്‍വര്‍, പി. കരുണാകരന്‍, ജ്യോതിരാദിത്യ സിന്ധ്യ, കെ.സി. വേണുഗോപാല്‍, എന്‍.കെ. പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

രാഹുലിനെ വെല്ലുവിളിച്ച് ബി.ജെ.പി..

ന്യൂഡല്‍ഹി: പ്രധാനമന്ത്രി അഴിമതിനടത്തിയതിന്റെ വിവരങ്ങള്‍ കൈവശമുണ്ടെങ്കില്‍ വെളിപ്പെടുത്താന്‍ ബി.ജെ.പി. രാഹുലിനെ വെല്ലുവിളിച്ചു. വിവരമുണ്ടെങ്കില്‍ ഇപ്പോള്‍ വെളിപ്പെടുത്തണം. നിരാശയില്‍നിന്നുണ്ടായ പ്രതികരണമാണിത്. ഇതില്‍ രാഹുല്‍ മാപ്പുപറയണം. കേന്ദ്രമന്ത്രിമാരായ അനന്ത്കുമാര്‍, വെങ്കയ്യനായിഡു, പ്രകാശ് ജാവഡേക്കര്‍, കിരണ്‍ റിജീജു എന്നിവര്‍ വ്യത്യസ്ത വാര്‍ത്താസമ്മേളനങ്ങളില്‍ ആവശ്യപ്പെട്ടു.
 
പാര്‍ലമെന്റില്‍ ചര്‍ച്ചനടത്താനും സംസാരിക്കാനും അനുവദിക്കുന്നില്ലെന്ന പ്രതിപക്ഷത്തിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി അനന്ത്കുമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങളാണ് നടുത്തളത്തിലിറങ്ങി സഭ തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്നത്. ഇത്രയും ദിവസങ്ങളില്‍ രാഹുല്‍ എവിടെയായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
പ്രതിപക്ഷത്തെ തടഞ്ഞത് ആരാണെന്ന് നേതാക്കള്‍ വ്യക്തമാക്കണമെന്ന് മന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. ആരോപണങ്ങള്‍ വരട്ടെ. അര്‍ഥമില്ലാതെ സംസാരിക്കുന്നതില്‍ കഴമ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
രാഹുല്‍ എത്ര പറയുന്നോ അത്രയും കോണ്‍ഗ്രസ് തുറന്നുകാട്ടപ്പെടുമെന്ന് മന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. കമ്മിഷന്‍ ഏജന്റുമാരെപ്പോലെയാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. രാഹുലിന്റെ ആരോപണം ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്ന് മന്ത്രി കിരണ്‍ റിജീജു പ്രതികരിച്ചു.

തെളിവുണ്ടെങ്കില്‍ പുറത്തുവിടണം -കെജ്രിവാള്‍


ന്യൂഡല്‍ഹി: ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ സൗഹൃദമത്സരം നടത്താതെ, മോദിക്കെതിരെ തെളിവുണ്ടെങ്കില്‍ പുറത്തുവിടാന്‍ രാഹുല്‍ ഗാന്ധിയോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു. രേഖകള്‍ കൈവശമുണ്ടെങ്കില്‍, പാര്‍ലമെന്റിന് പുറത്ത് വെളിപ്പെടുത്താത്തതെന്തെന്നും അദ്ദേഹം ചോദിച്ചു.