ന്യൂഡൽഹി: ഇന്ധനവിലവർധനയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. ഇത് ഗുരുതരപ്രശ്നമാണെന്നും നികുതിക്കൊള്ള നിർത്തണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ജനങ്ങൾക്ക് ചെറിയ ആവശ്യങ്ങൾപോലും നടത്താനാവുന്നില്ല. മോദിയുടെ സുഹൃത്തുക്കളുടെ നേട്ടങ്ങൾക്കുവേണ്ടി ചതിക്കപ്പെടുന്ന ജനങ്ങൾക്കൊപ്പമാണ് താനെന്നും അവർക്കായി ശബ്ദമുയർത്തുമെന്നും രാഹുൽ പറഞ്ഞു.

വിലവർധന ഇടത്തരക്കാർക്ക് റോഡ് യാത്ര അസാധ്യമാക്കുന്നതായി പ്രിയങ്കാഗാന്ധി അഭിപ്രായപ്പെട്ടു. ഹവായി ചെരുപ്പ് ധരിക്കുന്നവർ വിമാനത്തിൽ യാത്രചെയ്യുമെന്നായിരുന്നു വാഗ്‌ദാനം. ഹവായി ചെരിപ്പ് ധരിക്കുന്നവർക്കും ഇടത്തരക്കാർക്കും റോഡിൽകൂടി യാത്രചെയ്യാൻപോലും പറ്റാത്ത അവസ്ഥയാണിപ്പോഴെന്നും പ്രിയങ്ക കുറിച്ചു.

മോദി സർക്കാരിന്റെ കൊള്ളയുടെ തെളിവാണ് പെട്രോളിനും ഡീസലിനും വിമാന ഇന്ധനത്തെക്കാൾ വിലകൂടാൻ കാരണമായതെന്ന് കോൺഗ്രസ് ഔദ്യോഗിക ട്വിറ്റർ പേജിൽ ആരോപിച്ചു.

content highlights;rahul gandhi criticises centre over fuel price hike