അമേഠി: നരേന്ദ്രമോദിയുടെ ജീവിതം പ്രമേയമാകുന്ന ‘പി.എം. നരേന്ദ്രമോദി’ സിനിമയുടെ റിലീസ് തടഞ്ഞ പശ്ചാത്തലത്തിൽ അഴിമതിവിഷയത്തിൽ മോദിയെ സംവാദത്തിനു ക്ഷണിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. സംവാദത്തിനു ഭയമുണ്ടെങ്കിൽ ‘ഓപ്പൺ ബുക്ക്’ മാതൃകയാകാമെന്നും രാഹുൽ പരിഹസിച്ചു. പാഠപുസ്തകത്തിൽനിന്നുള്ള കുറിപ്പുകളുപയോഗിച്ച് പരീക്ഷയെഴുതാൻ അനുവദിക്കുന്ന സമ്പ്രദായമാണിത്.

“പ്രിയ പ്രധാനമന്ത്രീ, അഴിമതിയെക്കുറിച്ച് ഞാനുമായി സംവാദം നടത്താൻ പേടിയാണോ? താങ്കൾക്ക് അത് എളുപ്പമാക്കിത്തരാൻ എനിക്കു കഴിയും. ‘ഓപ്പൺ ബുക്ക്’ രീതിയാവാം. അപ്പോൾ താങ്കൾക്ക് തയ്യാറെടുക്കാൻ കഴിയും: 1. റഫാൽ+അനിൽ അംബാനി, 2. നീരവ് മോദി, 3. അമിത് ഷാ+നോട്ടസാധുവാക്കൽ”-രാഹുൽ പറഞ്ഞു.

“റഫാൽ ഇടപാടുകേസ് സ്വീകരിച്ചതിന് സുപ്രീംകോടതിയോടു നന്ദി പറയുന്നു. ആ ഉത്തരവ് കാവൽക്കാരൻ കള്ളനാണെന്ന ഞങ്ങളുടെ ആരോപണത്തെ സാധൂകരിക്കുന്നു” -രാഹുൽ പറഞ്ഞു. റഫാലിൽ അഴിമതി നടന്നിട്ടുണ്ടെന്ന് അമേഠിയിൽ നാമനിർദേശപത്രിക സമർപ്പിച്ചശേഷം രാഹുൽ ആവർത്തിച്ചു.

content highlights: Rahul Gandhi challenges Modi to debate on corruption