ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിലുണ്ടായ (ജി.ഡി.പി.) തകർച്ചയിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് കോൺഗ്രസ്. സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാൻ വിനാശകരമായ നയങ്ങൾ സർക്കാർ പിൻവലിക്കണമെന്നും സാമ്പത്തിക വിദഗ്ധരുടെ ഉപദേശം സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ‘പ്രധാനമന്ത്രിയുടെ ലജ്ജയുടെ പട്ടിക- കുറഞ്ഞ ജി.ഡി.പി., കൂടുതൽ തൊഴിലില്ലായ്മ’ എന്ന് തൊഴിലില്ലായ്മ വർധനയുടെ ഗ്രാഫ് പങ്കുവെച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഇരുണ്ട വർഷമാണിതെന്ന് മുൻ ധനമന്ത്രി പി. ചിദംബരം പറഞ്ഞു. സമ്പദ്‌വ്യവസ്ഥ ഏറ്റവും പ്രതിസന്ധിയിലാണെന്നാണ് എല്ലാ സൂചകങ്ങളും ചൂണ്ടിക്കാട്ടുന്നത് 2021-22 മുൻവർഷത്തെപ്പോലെ ആകാതിരിക്കാൻ സർക്കാർ ഉണരണമെന്നും തെറ്റുകൾ അംഗീകരിച്ച് നയങ്ങൾ തിരുത്തി, സാമ്പത്തിക വിദഗ്ധരുടെയും പ്രതിപക്ഷത്തിന്റെയും വാക്കുകൾ കേൾക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്പദ് വ്യവസ്ഥയുടെ നിലവിലുള്ള അവസ്ഥ പ്രധാനമായും മഹാമാരി കാരണമാണെന്നതിൽ സംശയമില്ല. പക്ഷേ, ബി.ജെ.പി. നേതൃത്വം നൽകുന്ന എൻ.ഡി.എ. സർക്കാരിന്റെ കാര്യക്ഷമതയില്ലായ്മയും സാമ്പത്തിക ദുർഭരണവും ഇതിന്റെ വ്യാപ്തി വർധിപ്പിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

നോട്ട് അച്ചടിക്കാനും ചെലവുകൾ കൂട്ടാനും നൊബേൽ സമ്മാന ജേതാവ് അഭിജിത്ത് ബാനർജിയെപ്പോലുള്ളവർ ആവശ്യപ്പെട്ടിട്ടും ധനമന്ത്രി നിർമലാ സീതാരാമൻ അവരുടെ വഴിതെറ്റിയതും വിനാശകരവുമായ നയങ്ങളുമായി മുന്നോട്ടുപോവുകയാണെന്നും ചിദംബരം പറഞ്ഞു.