ന്യൂഡൽഹി: ബി.ജെ.പി.യിൽ കുറച്ചെങ്കിലും ചങ്കൂറ്റമുള്ള ഏകനേതാവ് നിതിൻ ഗഡ്കരിയാണെന്ന് രാഹുൽ. സ്വന്തം വീടുനോക്കാൻ കഴിയാത്തവർക്ക് രാജ്യം നിയന്ത്രിക്കാൻ കഴിയില്ലെന്ന ഗഡ്കരിയുടെ വിവാദപ്രസ്താവനയ്ക്കു പിന്നാലെയാണ് രാഹുലിന്റെ ട്വീറ്റ്. ഗഡ്കരിയുടെ പരാമർശം സ്വന്തം നേതാവായ പ്രധാനമന്ത്രിയെ ഉദ്ദേശിച്ചാണെന്ന ഊഹാപോഹവും പ്രചാരണവുമുണ്ടായിരുന്നു.

“ഗഡ്കരി ജി, അഭിനന്ദനങ്ങൾ! നിങ്ങളാണ് ബി.ജെ.പി.യിൽ കുറച്ചെങ്കിലും ചങ്കൂറ്റമുള്ളയാൾ. ദയവുചെയ്ത് ഇതേക്കുറിച്ചും പ്രതികരിക്കൂ: 1. റഫാൽ അഴിമതി ആൻഡ് അനിൽ അംബാനി, 2. കർഷകദുരിതം, 3. സ്ഥാപനങ്ങളുടെ നശീകരണം” എന്നാണ് തിങ്കളാഴ്ച രാഹുൽ ട്വിറ്ററിൽ കുറിച്ചത്. അല്പം കഴിഞ്ഞ് ഗഡ്കരിയോട്‌ ക്ഷമാപണം നടത്തിയും രാഹുൽ ട്വിറ്ററിലെത്തി. തൊഴിൽ വിഷയം വിട്ടുപോയെന്ന്‌ സൂചിപ്പിക്കാനായിരുന്നു ഇത്.

രാഹുലും ഗഡ്കരിയും റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന സമയം തുറന്നുസംസാരിക്കുന്ന കാഴ്ച നേരത്തേ വാർത്തയായിരുന്നു. ദിവസങ്ങൾക്കകമാണ് രാഹുലിന് ഗഡ്കരിയോടുള്ള ‘ഇഷ്ടം’ വീണ്ടും പ്രകടമാവുന്നത്.

Content Highlights: rahul gandhi appreciates nitin gadkari