ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മണ്ഡലമായ വയനാടിന്റെ പരിധിയിൽ ഉൾപ്പെട്ട കരുവാരക്കുണ്ടിൽ അമേഠി സ്വദേശികളടക്കമുള്ള തൊഴിലാളികൾക്ക് ഭക്ഷ്യധാന്യങ്ങളെത്തിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്മൃതി പ്രതിനിധാനം ചെയ്യുന്ന അമേഠിയിലേക്ക് രാഹുൽ ഭക്ഷ്യധാന്യങ്ങളും സാനിറ്റൈസറുകളും എത്തിച്ചതിനു പിന്നാലെയാണ് യാദൃച്ഛികമെങ്കിലും ഈ നടപടി.

മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ അമേഠി സ്വദേശികളുൾപ്പെടെയുള്ള അതിഥിത്തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ട്. ഇവർ നാട്ടിലുള്ള ചിലരെ, തങ്ങൾ ഭക്ഷണംകിട്ടാതെ വിഷമിക്കുകയാണെന്ന് അറിയിച്ചു. ഇക്കാര്യം മന്ത്രി സ്മൃതി ഇറാനിയെ ബി.ജെ.പി.യുടെ പ്രാദേശിക നേതൃത്വം ധരിപ്പിച്ചു. അവർ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ സഹായം തേടി. മുരളീധരന്റെ നിർദേശപ്രകാരം സേവാഭാരതി പ്രവർത്തകർ കരുവാരക്കുണ്ടിലെത്തി തൊഴിലാളികളെ കണ്ടു. ഇവർക്ക് ആവശ്യമായ ഭക്ഷണ സാമഗ്രികൾ ഉടൻതന്നെ എത്തിച്ചു. തുടർന്നുള്ള ദിവസങ്ങളിലും ഇവർക്ക് ഭക്ഷണം ഉറപ്പാക്കുമെന്ന് സേവാഭാരതി പ്രവർത്തകർ അറിയിച്ചു.

രണ്ട് അമേഠി സ്വദേശികൾ ഉൾപ്പടെ ഇരുപതോളം തൊഴിലാളികളാണ് ഭക്ഷണം കിട്ടാതെ കുടുങ്ങിയിരുന്നത്. ഉത്തർപ്രദേശ്, ഛത്തീസ്ഗഢ്, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണിവർ. പഞ്ചായത്ത് കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ് ഏജന്റ് മുങ്ങിയതാണ് പ്രശ്നമായത്. പഞ്ചായത്തിന്റെ പട്ടികയിൽ ഇവരുടെ പേരില്ലാത്തതിനാൽ സഹായം ലഭിച്ചതുമില്ല.

താൻ മൂന്നുവട്ടം എം.പി.യായ അമേഠി മണ്ഡലത്തിലേക്ക് കഴിഞ്ഞമാസം രണ്ടു ഘട്ടങ്ങളിലായി രാഹുൽ ഭക്ഷ്യധാന്യങ്ങൾ, സാനിറ്റൈസറുകൾ, മാസ്‌കുകൾ എന്നിവ എത്തിച്ചിരുന്നു. അരി, ഗോതമ്പ് എന്നിവയ്ക്ക് പുറമെ 12000 കുപ്പി സാനിറ്റൈസറുകൾ, ഇരുപതിനായിരം മുഖാവരണങ്ങൾ, 10000 സോപ്പ് എന്നിവയാണ് രാഹുൽ എത്തിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്മൃതി ഇറാനിയോട് 55,120 വോട്ടിനാണ് അമേഠിയിൽ രാഹുൽ പരാജയപ്പെട്ടത്.

പരാജയപ്പെട്ടെങ്കിലും രാഹുൽ തന്റെ മണ്ഡലത്തെ മറന്നിട്ടില്ലെന്നും അദ്ദേഹത്തിന്റെ ഹൃദയത്തിൽ അമേഠി എക്കാലത്തുമുണ്ടെന്നും ഭക്ഷ്യധാന്യ വിതരണത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് എം.എൽ.സി. ദീപക് സിങ് പറഞ്ഞു.

Content Highlight: Rahul gandhi and Smriti irani