അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ സകുടുംബമെത്തി നാലാമങ്കത്തിന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പത്രിക സമർപ്പിച്ചു.

അമ്മയും യു.പി.എ. അധ്യക്ഷയുമായ സോണിയാഗാന്ധി, സഹോദരിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധി, ഭർത്താവ് റോബർട്ട് വദ്ര, മക്കളായ റെയ്ഹാൻ, മിരായ എന്നിവർക്കൊപ്പമാണ് രാഹുൽ എത്തിയത്. അമേഠിയിലെ ഇടുങ്ങിയ റോഡിലൂടെ സാവധാനം നീങ്ങിയ വാഹനത്തിന് മുകളിലിരുന്ന് രാഹുലും പ്രിയങ്കയും പ്രവർത്തകർക്ക് ആവേശം പകർന്നു. പാവപ്പെട്ട കർഷകർക്ക് വർഷത്തിൽ 72,000 രൂപ നൽകുമെന്ന വാഗ്ദാനത്തോടെ കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ പ്രഖ്യാപിച്ച ‘ന്യായ്’ പദ്ധതി മുദ്രണംചെയ്ത ടീഷർട്ട് ഉയർത്തിക്കാട്ടിയാണ് രാഹുൽ റോഡ് ഷോയിൽ പങ്കെടുത്തത്. രാഹുൽ നേരത്തേ കേരളത്തിലെ വയനാട് ലോക്‌സഭാമണ്ഡലത്തിലും പത്രിക നൽകിയിരുന്നു.

രാഹുലിന്‌ ശക്തമായ വെല്ലുവിളിയുയർത്തുന്ന കേന്ദ്ര മന്ത്രിയും ബി.ജെ.പി. നേതാവുമായ സ്മൃതി ഇറാനി വ്യാഴാഴ്ച പത്രിക നൽകും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പത്രികസമർപ്പണച്ചടങ്ങിൽ സംബന്ധിക്കും. അതിന് മുന്നോടിയായി റോഡ് ഷോയും സംഘടിപ്പിക്കുന്നുണ്ട്. മേയ് ആറിനാണ് അമേഠിയിൽ വോട്ടെടുപ്പ്്.

അമേഠി പവിത്രഭൂമിയെന്ന് പ്രിയങ്ക

അമേഠി തന്റെ പിതാവിന്റെ കർമഭൂമിയാണെന്നും തങ്ങളുടെ കുടുംബത്തിന് പവിത്രഭൂമിയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി പറഞ്ഞു. രാഹുലിന്റെ പത്രികസമർപ്പണത്തിനുശേഷം സംസാരിക്കയായിരുന്നു പ്രിയങ്ക.

ചില ബന്ധങ്ങൾ ഹൃദയത്തിൽനിന്നുള്ളതാണെന്നും അതുകൊണ്ടാണ് സഹോദരന്റെ പത്രികസമർപ്പണത്തിന് തങ്ങൾ കുടുംബസമേതം എത്തിയതെന്നും കിഴക്കൻ ഉത്തർപ്രദേശിന്റെ പ്രചാരണച്ചുമതല വഹിക്കുന്ന പ്രിയങ്ക പറഞ്ഞു.

Content Highlights: Rahul Gandhi, Amethi