ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പുതുതലമുറ നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതിഭകളെ തിരയുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ കഴിവുറ്റ ഭാവി നേതാക്കള്‍ക്കായി തിരച്ചില്‍ നടക്കും. ജനപിന്തുണയുള്ള നേതാക്കളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരികയാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

മുമ്പ് യൂത്ത് കോണ്‍ഗ്രസിലും എന്‍.എസ്.യു.വിലും രാഹുല്‍ ഇത്തരത്തിലുള്ള 'ടാലന്റ് ഹണ്ട്' നടത്തിയിരുന്നു. എന്നാല്‍, കോണ്‍ഗ്രസില്‍ ഇത് ചെയ്യുന്നത് ആദ്യമാണ്. ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടിയുടെ തളര്‍ച്ചയ്ക്കുള്ള കാരണങ്ങളില്‍ ഒന്ന് ജനപിന്തുണയുള്ള, ഉയര്‍ത്തിക്കാട്ടാന്‍ കഴിയുന്ന നേതാക്കളുടെ അഭാവമാണെന്ന് നേതൃത്വം കരുതുന്നു. മറ്റുപല സംസ്ഥാനങ്ങളിലും ഇതേ പ്രശ്‌നമുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്തണമെങ്കില്‍ സംസ്ഥാനതലത്തില്‍ നല്ല നേതാക്കള്‍ വേണമെന്ന് രാഹുല്‍ കരുതുന്നു.

ഓരോ സംസ്ഥാനത്തും ഇത്തരം നേതാക്കളെ കണ്ടെത്തുന്നതിനായി വിവിധ സംഘങ്ങളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് യുവ നേതാക്കളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. സംഘാംഗങ്ങളുടെ പേരുകള്‍, ഇവരുടെ യാത്രാ പരിപാടികള്‍ എന്നിവയെല്ലാം നേതൃത്വം രഹസ്യമാക്കി വെച്ചിരിക്കുകയാണ്.

പഞ്ചാബില്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെപ്പോലുള്ള ശക്തനായ ഒരു നേതാവിന്റെ സാന്നിധ്യമാണ് പാര്‍ട്ടിക്ക് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്തതെന്ന് നേതൃത്വം വിലയിരുത്തുന്നു. കര്‍ണാടകത്തില്‍ വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യയുടെ സാന്നിധ്യം പാര്‍ട്ടിക്ക് നേട്ടമാകുന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.