ചണ്ഡീഗഢ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമായിരുന്നു തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിക്കുന്ന ദിവസം പഞ്ചാബില്‍ ശ്രദ്ധേയമായത്. സംഗ്രൂരിലെ ഗ്രാമവാസികളോടൊപ്പം അദ്ദേഹം ഉച്ചയ്ക്ക് 'ദാല്‍-സബ്ജി' കഴിച്ചാണ് പ്രചാരണം കൊഴുപ്പിച്ചത്. മുതിര്‍ന്നവരും പാര്‍ട്ടി നേതാക്കളും ചെറുപ്പക്കാരുമടക്കം ഒട്ടേറെപ്പേര്‍ ഇതില്‍ പങ്കുചേര്‍ന്നു. തങ്ങളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അദ്ദേഹം രാഹുലിനോട് പങ്കുവെച്ചു. സംസ്ഥാനാധ്യക്ഷന്‍ അമരീന്ദര്‍സിങ് മത്സരിക്കുന്ന ലാമ്പിയില്‍ നടന്ന റാലിയെ രാഹുല്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു.
 
കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് രാഹുല്‍ വാഗ്ദാനം ചെയ്തു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് റാലിക്കു സമീപമുണ്ടായ ബോംബ് സ്‌ഫോടനത്തിന് കാരണക്കാരായവരെ ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്!രിവാള്‍ സഹായിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് പ്രചാരണം അവസാനിച്ചത്.