ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷങ്ങള്‍ വിലയുള്ള വസ്ത്രധാരണത്തെ വിമര്‍ശിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ശ്രമം തിരിഞ്ഞുകുത്തി. സ്വന്തം കുര്‍ത്തയുടെ പോക്കറ്റ് കീറിയിരിക്കുന്നത് കാണിച്ച രാഹുലിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ ട്രോള്‍ പെരുമഴ.

ഉത്തരാഖണ്ഡില്‍വെച്ച് പാര്‍ട്ടി അണികളെ അഭിസംബോധനചെയ്യുന്നതിനിടെയാണ് രാഹുല്‍ തന്റെ കുര്‍ത്തയുടെ പരിതാപകരമായ അവസ്ഥ തുറന്നുകാട്ടിയത്. 'എന്റെ കുര്‍ത്തയുടെ പോക്കറ്റ് കീറിയിരിക്കുന്നു. എനിക്കത് വിഷയമല്ല.
 
പക്ഷേ, മോദിയുടെ കുര്‍ത്ത കീറിയനിലയില്‍ നിങ്ങള്‍ക്കൊരിക്കലും കാണാന്‍ സാധിക്കില്ല. സാധാരണക്കാരുടെ പ്രതിനിധിയാണെന്നു പറഞ്ഞ് സാധാരണക്കാരെവെച്ച് മോദി രാഷ്ട്രീയം കളിക്കുകയാണ്'. പരിപാടിക്കുശേഷം രാഹുല്‍ ട്വിറ്ററിലും ഇക്കാര്യം ആവര്‍ത്തിച്ചു.

എന്നാല്‍, പുതുവത്സരം ആഘോഷിക്കാന്‍ വിദേശപര്യടനം നടത്തിയതും നെഹ്രു കുടുംബത്തിന്റെ പിന്മുറക്കാരനാണെന്ന കാര്യവും മറന്നോ എന്ന് ചോദിച്ചായിരുന്നു ട്രോളുകളില്‍ ഭൂരിഭാഗവും ട്വിറ്ററില്‍ നിറഞ്ഞത്. 'കുര്‍ത്തവാങ്ങാനുള്ള പണമില്ലെങ്കിലും അവധിക്ക് വിദേശത്തുപോകാം', 'കുര്‍ത്ത വാങ്ങാന്‍പോലും കാശില്ലാത്ത രാഹുലിന് ഒരു രൂപ വീതം നല്‍കി സഹായിക്കാം' തുടങ്ങിയ ട്രോളുകളാണ് പ്രചരിച്ചത്.

വിലകൂടിയ വസ്ത്രംധരിച്ച രാഹുലിന്റെ ചിത്രം പോസ്റ്റുചെയ്ത് 'നല്ല ചാക്കുതുണി' എന്ന് ചിലര്‍ പരിഹസിച്ചു. രാഹുലിന്റെ മണ്ടത്തരങ്ങള്‍ക്ക് അവസാനമില്ല എന്നരീതിയിലും ട്രോളുകളുണ്ടായി.