ലഖ്‌നൗ: എ.ടി.എമ്മുകളില്‍നിന്ന് ആവശ്യത്തിന് പണം കിട്ടാതെ ജനം വലയുമ്പോള്‍ ഉള്ളകാശെല്ലാം നീരവ് മോദിമാര്‍ കൊണ്ടുപോയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇതെല്ലാം കണ്ടുനില്‍ക്കുകയാണെന്നും ഒരക്ഷരം ഊരിയാടുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. രണ്ടുദിവസത്തെ അമേഠി സന്ദര്‍ശനത്തിന് യു.പി.യില്‍ എത്തിയതായിരുന്നു രാഹുല്‍. ഒട്ടേറെ വികസനപരിപാടികളും മണ്ഡലത്തില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ലോക്‌സഭയില്‍ 15 മിനിറ്റാണ് ആകെ ചോദ്യം ചോദിക്കാന്‍ ലഭിക്കുന്നത്. അതിനുള്ള മറുപടി പറയാന്‍പോലും പ്രധാനമന്ത്രിക്ക് സമയമില്ല. മോദി ലോകം മുഴുവന്‍ യാത്രയിലാണെന്നും കുട്ടികളുടെ ചോദ്യത്തിന് മറുപടിയായി രാഹുല്‍ഗാന്ധി പറഞ്ഞു.

രാജ്യത്തെ തൊഴില്‍മേഖല സ്തംഭിച്ചു. യുവാക്കള്‍ക്ക് ജോലിയില്ലാത്ത സ്ഥിതിയാണ്. എന്നാല്‍, മോദി ഇതിനെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല.
 
റഫേല്‍ കരാറിന്റെപേരില്‍ വലിയ കൊള്ളയാണ് നടന്നത്. 45,000 കോടി രൂപ മോദി തന്റെ വ്യവസായി സുഹൃത്തിന് കരാറിന്റെപേരില്‍ നല്‍കുകയാണ് ചെയ്തതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
 
നോട്ട് നിരോധനത്തിന്റെ പേരില്‍ സാധാരണക്കാരന്റെ 500 രൂപയും ആയിരം രൂപയും അപഹരിച്ച കേന്ദ്രസര്‍ക്കാര്‍ പകരം രാജ്യത്തെ പണം മുഴുവന്‍ നീരവ് മോദിക്ക് കൊണ്ടുപോകാന്‍ നല്‍കുകയാണ് ചെയ്തതെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വിമര്‍ശിച്ചു.