മുംബൈ: ഗൗരി ലങ്കേഷിന്റെ കൊലപാതകം പോലുള്ള സംഭവങ്ങള്‍ ഇന്ത്യയില്‍ സംഭവിച്ചതില്‍ കഠിനമായ ദുഃഖമുണ്ടെന്നും ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇന്ത്യയിലുണ്ടാവാന്‍ പാടില്ല്‌ലായിരുന്നെന്നും പ്രശസ്ത സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ പറഞ്ഞു. ഇതല്ല എന്റെ ഇന്ത്യ, ഇന്ത്യ പുരോഗമനപരമാകണമെന്നാണ് ആഗ്രഹിക്കുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന അന്തരീക്ഷം ഇന്ത്യയുടേതല്ല. കൊലപാതകത്തില്‍ എനിക്ക് ദുഃഖമുണ്ട്. ഇന്ത്യയില്‍ നടക്കാന്‍ പാടില്ലാത്തതാണിതെന്നും അദ്ദേഹം പറഞ്ഞു. 'വണ്‍ ഹാര്‍ട്ട്: ദ എ.ആര്‍. റഹ്മാന്‍ കണ്‍സേര്‍ട്ട് ഫിലിം' എന്ന തന്റെ പുതിയ സിനിമയുടെ പ്രഖ്യാപനം നിര്‍വഹിച്ച് മുംബൈയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഹ്മാന്റെ പ്രസ്താവനയ്‌ക്കെതിരെ സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇതല്ല ഇന്ത്യയെങ്കില്‍ പാകിസ്താനിലേക്കു പോകൂ എന്ന തരത്തില്‍ സാമുഹമാധ്യമങ്ങളില്‍ ആക്രമണം രൂക്ഷമായിട്ടുണ്ട്. നേരത്തെ പ്രവാചകജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിച്ചതിന് എ.ആര്‍. റഹ്മാനെതിരെ മുസ്ലിം സംഘടനകള്‍ ഫ്തവ ഇറക്കിയിരുന്നു.