ന്യൂഡൽഹി: നാലു റഫാൽ യുദ്ധവിമാനങ്ങൾകൂടി നാലാഴ്ചയ്ക്കകം ഇന്ത്യക്കു ലഭിക്കും. ഇതുമായി ബന്ധപ്പെട്ട പരിശീലനത്തിനും വിലയിരുത്തലുകൾക്കുമായി അസിസ്റ്റന്റ് ചീഫ് ഓഫ് എയർസ്റ്റാഫ് (പ്രോജക്ട്) നേതൃത്വത്തിലുള്ള സംഘം ഫ്രാൻസിൽ എത്തി.

36 റഫാൽ വിമാനങ്ങൾക്കായി ഫ്രാൻസുമായി 59,000 കോടി രൂപയ്ക്ക് കരാറൊപ്പിട്ട് നാലുവർഷങ്ങൾക്കുശേഷം ജൂലായ് 29-ന് അഞ്ചു റഫാൽ വിമാനങ്ങൾ ഇന്ത്യയിലെത്തിയിരുന്നു. സെപ്‌റ്റംബർ 10-ന് ഇവ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമായി. കന്നിപ്രദർശനം ഒക്ടോബർ എട്ടിന് വ്യോമസേനാദിനത്തിൽ അംബാലയിലെ വ്യോമതാവളത്തിലും നടന്നു.

റഫാൽ വിമാനങ്ങൾ വേഗത്തിൽ ഇന്ത്യയിലെത്തിക്കുന്നതിനും ഇന്ത്യയിൽ ഇവയുടെ കൂടുതൽ വിപുലീകരണത്തിനുള്ള പദ്ധതികൾ ആസൂത്രണംചെയ്യുന്നതിനും ജനുവരിമുതൽ ഇന്ത്യയിലെ വിദഗ്ധർ ഫ്രാൻസിൽ നിരന്തരം സന്ദർശിക്കുന്നുണ്ട്. റഫാൽ പറത്താനുള്ള ഇന്ത്യൻ പൈലറ്റുമാരുടെ പരിശീലനവും അവിടെ നടക്കുന്നു. 10 റഫാൽ വിമാനങ്ങളാണ് ഇന്ത്യക്ക്‌ കൈമാറിയിട്ടുള്ളത്. ഇതിൽ അഞ്ചെണ്ണം പൈലറ്റുമാരുടെ പരിശീലനത്തിനായി ഇപ്പോഴും ഫ്രാൻസിൽതന്നെയാണ്. ബാക്കി 26 വിമാനങ്ങളിൽ നാലെണ്ണമാണ് ഒരു മാസത്തിനുള്ളിൽ കൈമാറുക.

2023-ഓടെ എല്ലാവിമാനങ്ങളും കൈമാറുമെന്ന് നേരത്തേ വ്യോമസേനാമേധാവി എയർചീഫ് മാർഷൽ ആർ.കെ.എസ്. ഭദൗരിയ പ്രഖ്യാപിച്ചിരുന്നു. റഷ്യയിൽനിന്ന് സുഖോയ് വിമാനങ്ങൾ ഇറക്കുമതി ചെയ്തശേഷം 23 വർഷത്തിനിടയിലെ വ്യോമസേനയുടെ ഏറ്റവും വലിയ മുതൽക്കൂട്ടാണ് റഫാൽ യുദ്ധവിമാനങ്ങൾ.

Content Highlights: Rafale jets France