ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം വോട്ടെടുപ്പിന് തലേദിവസം റഫാൽവിഷയത്തിൽ കോടതി സ്വീകരിച്ച നിലപാട് ബി.ജെ.പി.യെ പ്രതിരോധത്തിലാഴ്ത്തി. ചോർന്ന രേഖകൾ പരിശോധിക്കുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പുനഃപരിശോധനാഹർജി കേൾക്കുമെന്നുമുള്ള കോടതിവിധി സർക്കാരിനും പാർട്ടിക്കും തിരിച്ചടിയായി.

വിധിയെ വിമർശിക്കാതെ, രോഷം രാഹുൽഗാന്ധിയുടെമേൽ ചൊരിഞ്ഞ് ബി.ജെ.പി. ദേശീയനേതൃത്വം ബുധനാഴ്ച പിടിച്ചുനിന്നു. റഫാൽ ഇടപാടിൽ അഴിമതിനടന്നെന്ന രാഹുലിന്റെ പരാമർശം കോടതിയലക്ഷ്യമാണെന്ന് പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ ആരോപിച്ചു. വിധിക്കുപിന്നാലെ ബുധനാഴ്ച വൈകീട്ട് പാർട്ടി ആസ്ഥാനത്ത് വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് മന്ത്രി രാഹുലിനെതിരേ തിരിഞ്ഞത്.

“വിധിമുഴുവൻ പരിശോധിക്കാതെ ഖണ്ഡികയുടെ പകുതിമാത്രം വായിച്ചിട്ടാണ് രാഹുൽ പ്രസ്താവന നടത്തിയിരിക്കുന്നത്. ചൗക്കിദാർ കള്ളനാണെന്ന് കോടതി പറഞ്ഞെന്നുള്ള പരാമർശം അസംബന്ധമാണ്. അധികാരം നഷ്ടപ്പെട്ടതിന്റെ നിരാശയിൽ കഴിയുന്ന കോൺഗ്രസ് അധ്യക്ഷൻ കോടതിയെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. അഴിമതിക്കേസിൽ ജാമ്യംതേടി നടക്കുന്ന നേതാവ് നിഷ്കളങ്കനായ ഒരു പ്രധാനമന്ത്രിക്കുനേരെ ആരോപണങ്ങൾ ഉയർത്തുകയാണ്. റഫാൽ ഇടപാടിൽ അഴിമതി നടന്നുവെന്ന് കോടതി ഒരിടത്തും പറഞ്ഞിട്ടില്ല. വിധി തെറ്റായി വ്യാഖ്യാനിക്കാൻ രാഹുലിന് ആരാണ് അധികാരംനൽകിയിരിക്കുന്നത്” -നിർമല ചോദിച്ചു.

കോടതിവിധി ബി.ജെ.പി.ക്ക് തിരിച്ചടിയാണോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്, അല്ല എന്നായിരുന്നു നിർമലയുടെ മറുപടി. പ്രതിരോധമന്ത്രാലയത്തിൽനിന്ന് റഫാൽ കരാറിന്റെ രഹസ്യരേഖകൾ ചോർന്നതെങ്ങനെ എന്നതിനെക്കുറിച്ച് മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അമേഠിയിൽ നാമനിർദേശപത്രിക നൽകാൻ രാഹുലിനൊപ്പം ക്രിസ്റ്റ്യൻ മിഷേൽ പറഞ്ഞ ‘കുടുംബം’ മൊത്തം പോയിരിക്കയാെണന്നും നിർമല പരിഹസിച്ചു.

content highlights: Rafale deal: BJP accuses Rahul Gandhi of contempt of court