ന്യൂഡല്‍ഹി: “എ.എ.പി. ഇനി ഒരു അദ്‌ഭുതമല്ല. യാഥാര്‍ഥ്യമാണ്” -ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയെ(എ.എ.പി.) വീണ്ടും അധികാരത്തിലെത്തിച്ച നയങ്ങളും രാഷ്ട്രീയതന്ത്രങ്ങളും മെനഞ്ഞ എട്ടംഗ സ്ട്രാറ്റജിക് ടീമിലെ അംഗമായ ചങ്ങനാശ്ശേരി പെരുന്ന സ്വദേശിനി രാധിക ശശിധരന്‍നായര്‍ പറഞ്ഞു. എ.എ.പി. രാജ്യവ്യാപകമായി വളരുമെന്നും രാധിക കൂട്ടിച്ചേര്‍ത്തു. പെരുന്ന അട്ടിയില്‍ വീട്ടില്‍ മേജര്‍ ശശിധരന്‍നായരുടെയും ശാരദാ നായരുടെയും മകളായ രാധിക മുംബൈ കേന്ദ്രീകരിച്ചുപ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകയാണ്. കഴിഞ്ഞ ഒന്നരമാസമായി ഡല്‍ഹി കേന്ദ്രീകരിച്ച് തിരഞ്ഞെടുപ്പുപ്രവര്‍ത്തനങ്ങള്‍ ആസൂത്രണംചെയ്ത് പാര്‍ട്ടിയെ വിജയത്തിലെത്തിച്ചശേഷം മുംബൈയിലേക്ക് മടങ്ങുന്നതിനുമുമ്പ് അവർ ‘മാതൃഭൂമി’യുമായി സംസാരിച്ചു.

എ.എ.പി. മൂന്നാംവട്ടവും അധികാരത്തിലെത്തിയിരിക്കുന്നു. പ്രതീക്ഷിച്ച വിജയമാണോ കൈവന്നത്?

വിജയിക്കും എന്ന പൂര്‍ണ വിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. 2015-ലെ പ്രകടനപത്രികയില്‍ നല്‍കിയിരുന്ന വാഗ്ദാനങ്ങളെല്ലാം യാഥാര്‍ഥ്യമാക്കാന്‍ കെജ്്രിവാള്‍സര്‍ക്കാരിന് കഴിഞ്ഞിരുന്നു. ചെയ്യാന്‍പറ്റുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. ജനങ്ങളുടെ ജീവിതത്തില്‍ പ്രകടമായ മാറ്റമുണ്ടാക്കാനായി എന്ന ഉത്തമബോധ്യം പാര്‍ട്ടിക്കുണ്ടായിരുന്നു. എം.എല്‍.എ.മാര്‍ക്ക് ജനങ്ങളുമായി നിരന്തരബന്ധം പാലിക്കാന്‍ കഴിഞ്ഞിരുന്നു. ഈ ഘടകങ്ങള്‍ വോട്ടായിമാറുമെന്ന പ്രതീക്ഷ യാഥാര്‍ഥ്യമായി.

തിരഞ്ഞെടുപ്പിനിടയില്‍ എ.എ.പി.യുടെ പ്രതിദിന തന്ത്രങ്ങള്‍ മെനയുകയും നയപരിപാടികള്‍ ആവിഷ്കരിക്കുകയുമായിരുന്നല്ലോ താങ്കൾ ഉൾപ്പെട്ട സ്ട്രാറ്റജിക് ടീമിന്റെ ചുമതല. ഇതെങ്ങനെയാണ് നിര്‍വഹിച്ചത് ?

ഞാന്‍ ഒരു മീഡിയ പ്രൊഫഷണലാണ്. 26 വര്‍ഷം അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ കൈകാര്യംചെയ്ത പരിചയം എനിക്കുണ്ട്. സ്ട്രാറ്റജിക് ടീമിലെ മറ്റുള്ളവരും എന്നെപ്പോലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തനപരിചയമുള്ളവരാണ്. പാര്‍ട്ടിയുടെ ശക്തിയിലും സര്‍ക്കാരിന്റെ മികച്ചപ്രവര്‍ത്തനത്തിലും കേന്ദ്രീകരിച്ചുള്ള സമീപനങ്ങളാണ് ഞങ്ങള്‍ തയ്യാറാക്കിയത്. ശബ്ദങ്ങളുടെ മായാജാലമാണ് രാഷ്ട്രീയമെന്ന് പറയാറുണ്ട്. എന്നാല്‍ അതിനപ്പുറം, നേരിട്ടനുഭവിക്കാവുന്ന ഒരുമാറ്റമാണ് ജനങ്ങളുടെ സ്വപ്നം. എന്താണ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആവശ്യം? ഇന്ത്യക്കാര്‍ ആവശ്യപ്പെടുന്നതും അവര്‍ക്ക് ലഭിക്കുന്നതും തമ്മിലുള്ള അകലം എത്രയാണ്? എ.എ.പി.ക്ക് ഇതുസംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. സമൂഹത്തില്‍ സാമൂഹികവും സാമ്പത്തികവുമായ ഇടപെടലാണ് എ.എ.പി. നടത്തിയത്.

എ.എ.പി. സര്‍ക്കാര്‍ നല്‍കിയ സൗജന്യങ്ങളാണ് വോട്ടായതെന്ന ഒരു നിരീക്ഷണമുണ്ടല്ലോ. അതാണോ വിജയത്തിന് കാരണം ?

ക്ഷേമപ്രവര്‍ത്തനത്തില്‍ ഊന്നിയ, സൗജന്യപദ്ധതികളെ അടിസ്ഥാനമാക്കിയ രാഷ്ട്രീയം എന്നനിലയില്‍ എ.എ.പി.യുടെ സമീപനത്തെ അവഗണിക്കാനുള്ള ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. ഇത് ക്ഷേമപ്രവര്‍ത്തനമല്ല. വര്‍ഷങ്ങളായി നികുതിനല്‍കുന്നവര്‍ക്ക് അര്‍ഹമായ തിരിച്ചുകിട്ടല്‍ ഉണ്ടാകണം. നികുതിദായകര്‍ക്ക് ഗുണപരമായ അനുഭവം മടക്കിക്കിട്ടണം. അത് ജനങ്ങളുടെ അവകാശമാണ്. ലോകത്തിലെ ഏറ്റവും വികസിതമായ രാജ്യങ്ങളില്‍ പൗരന്മാര്‍ക്ക് അടിസ്ഥാനപരമായ സൗകര്യങ്ങള്‍ സൗജന്യമാണ്. ഇതാണ് എ.എ.പി. സര്‍ക്കാര്‍ നടപ്പാക്കിയത്. പ്രാകൃതമായ രാഷ്ട്രീയത്തില്‍നിന്നുള്ള പുനര്‍വിചിന്തനമാണിത്. നദിയല്ലാത്തിടത്ത് പാലം വാഗ്ദാനംചെയ്യുന്നവരാണ് എന്നൊരു ആക്ഷേപം രാഷ്ട്രീയക്കാരെക്കുറിച്ച് പറയാറുണ്ട്. ഇത്തരത്തില്‍ പരമ്പരാഗതമായ നിര്‍വചനത്തില്‍നിന്നുള്ള വഴിമാറിനടത്തമാണ് എ.എ.പി.

പ്രശാന്ത് കിഷോറിന്റെ ഐ-പാകും താങ്കള്‍ ഉള്‍പ്പെട്ട സ്ട്രാറ്റജിക് ടീമും എങ്ങനെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് ?

ഐ-പാക് കഴിഞ്ഞ നാലഞ്ചുമാസങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച് എ.എ.പി.ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പുപ്രചാരണം, യോഗങ്ങള്‍, ജനസമ്പര്‍ക്കപരിപാടികള്‍ തുടങ്ങിയവ ഐ-പാകാണ് ചെയ്തത്. പാര്‍ട്ടിയുടെ പ്രചാരണതന്ത്രങ്ങള്‍, സമീപനങ്ങള്‍, നയതീരുമാനങ്ങള്‍ തുടങ്ങിയവയ്ക്ക് പ്രതിദിനം രൂപംനല്‍കുകയായിരുന്നു ഞങ്ങളുടെ ചുമതല. പ്രശാന്ത് കിഷോറിന്റെ സംഘത്തില്‍ 21 അംഗങ്ങളും ഞങ്ങളുടെ സ്ട്രാറ്റജിക് ടീമില്‍ എട്ടുപേരുമാണുണ്ടായിരുന്നത്. ചെന്നൈ ഐ.ഐ.ടി.യിലും കൊളംബിയ സര്‍വകലാശാലയിലും പഠനം കഴിഞ്ഞ് ഡയലോഗ് ആന്‍ഡ് ഡെവലപ്‌മെന്റ് കമ്മിഷന്റെ ഉപാധ്യക്ഷനായ ജാസ്മിന്‍ ഷായാണ് ഞങ്ങളുടെ ടീമിന് നേതൃത്വം നല്‍കിയത്.

പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ വര്‍ഗീയവിഷയങ്ങളായി ചര്‍ച്ച. ഷഹീന്‍ബാഗ് ഈ പ്രചാരണത്തില്‍ പ്രധാനഘടകമായി. എ.എ.പി. ഇതിനെ എങ്ങനെയാണ് മറികടന്നത് ?

അത് നിര്‍ഭാഗ്യകരമായിരുന്നു. അടുത്ത അഞ്ചുവര്‍ഷത്തെ വികസനം ഞങ്ങള്‍ ചര്‍ച്ചചെയ്യുമ്പോള്‍, വര്‍ഗീയപ്രചാരണത്തിനാണ് ബി.ജെ.പി. മുതിര്‍ന്നത്. ഷഹീന്‍ബാഗില്‍ റോഡ് അടച്ച് പ്രതിഷേധം നടക്കുന്നതാണോ ഡല്‍ഹിയുടെ പ്രധാനപ്രശ്നം? ഇതിനൊപ്പം ദേശീയതയും ബി.ജെ.പി. കലര്‍ത്തി. പാകിസ്താനെ കേന്ദ്രീകരിച്ചാണോ നമ്മുടെ ദേശീയത നിലനില്‍ക്കുന്നത്. മൂന്നാമതൊരു രാജ്യത്തെ ഡല്‍ഹി തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴയ്ക്കണോ? എന്നാല്‍, ബി.ജെ.പി. വര്‍ഗീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയപ്പോള്‍ ഞങ്ങളുടെ സമീപനത്തില്‍ വ്യക്തതയുണ്ടായിരുന്നു. വിദ്വേഷമോ വിഭാഗീയതയോ എ.എ.പി.യുടെ പ്രചാരണത്തില്‍ ഉയരരുതെന്ന് ഞങ്ങള്‍ തീരുമാനിച്ചു. ഷഹീന്‍ബാഗ് പ്രശ്നം കെ‌ജ്‌രിവാള്‍ അവിടെയെത്തി ഒപ്പംനിന്ന് ഫോട്ടോയെടുത്താല്‍ തീരുന്നതല്ല. പൗരത്വനിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നതാണ്. അതുസംബന്ധിച്ച തര്‍ക്കം തീര്‍ക്കേണ്ടതും കേന്ദ്രസര്‍ക്കാരാണ്. ബി.ജെ.പി.യുടെ അജന്‍ഡ ജനങ്ങള്‍ തള്ളിക്കളഞ്ഞു.

കെ‌ജ്‌രിവാളിന്റെ പ്രവര്‍ത്തനരീതിയിൽ പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപങ്ങളുണ്ടല്ലോ? ഏകാധിപതിയാണെന്ന് മുന്‍ സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു?

ഒരു കൂട്ടായ ചര്‍ച്ചനടക്കുമ്പോള്‍ വിവിധ അഭിപ്രായങ്ങള്‍ ഉയര്‍ന്നുവരാം. എന്നാല്‍, എല്ലാ അഭിപ്രായങ്ങളും നടപ്പാക്കാനാകില്ല. ഏതെങ്കിലും ഒരഭിപ്രായമായിരിക്കും നടപ്പാകുക. അതേച്ചൊല്ലി മറ്റുള്ളവരില്‍ എതിര്‍പ്പുയരുക സ്വാഭാവികമാണ്. അതിനപ്പുറമൊന്നുമില്ല. അകന്നുപോയവരുമായി വൈകാതെ യോജിച്ചുപ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ പാര്‍ട്ടിക്കുണ്ട്.

എ.എ.പി. ഇനിയെങ്കിലും ദേശീയരാഷ്ട്രീയത്തില്‍ ശക്തമായ സാന്നിധ്യമാകുമോ ?

എ.എ.പി. ഒരു ആശയമാണ്. എന്നാല്‍, സമയമായിട്ടില്ല എന്ന ഒരു പരാമര്‍ശം കേള്‍ക്കാറുണ്ട്. എ.എ.പി. എന്ന ആശയം നടപ്പാകാന്‍ സമയമാകുന്നതേയുള്ളൂ എന്നാണ് ഞാനും വിശ്വസിച്ചത്. ഇപ്പോള്‍ സമയമായി. പരമ്പരാഗതരാഷ്ട്രീയത്തെ പിന്തള്ളി വികസനം എന്ന അജന്‍ഡ മുന്നോട്ടുവെച്ചുള്ള രാഷ്ട്രീയത്തിന് സമയമായി. എ.എ.പി. ബദല്‍രാഷ്ട്രീയമല്ല, സമഗ്രരാഷ്ട്രീയമാണ്. ഇത് രാജ്യവ്യാപകമാവും. രാജ്യത്തെ നികുതിദായകരായ ജനങ്ങള്‍ എ.എ.പി.യെ വളര്‍ത്തും.

Content Highlights: Radhika; Malayalee women who behind AAP victory in Delhi