പുതുച്ചേരി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പുതുച്ചേരിയിൽ കോൺഗ്രസിന് വൻതിരിച്ചടി നൽകി പൊതുമരാമത്ത് മന്ത്രി എ. നമശിവായം ബി.ജെ.പി.യിൽ ചേരാൻ ഒരുങ്ങുന്നു. കഴിഞ്ഞ രണ്ടുദിവസമായി അണികളുമായി യോഗം ചേർന്ന നമശിവായം അടുത്തദിവസം മന്ത്രിസ്ഥാനം രാജിവെക്കുമെന്നാണ് സൂചന. ബുധനാഴ്ച ഡൽഹിയിൽ ബി.ജെ.പി. ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിക്കുമെന്നുമാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളിൽനിന്ന് ലഭിക്കുന്ന വിവരം. ബി.ജെ.പി. അധ്യക്ഷൻ ജെ.പി.നഡ്ഡ 31-ന് പുതുച്ചേരിയിൽ എത്തുമ്പോൾ നമശിവായത്തിന്റെ അണികളും ബി.ജെ.പി.യിൽ ചേരാനാണ് ധാരണ.
പുതുച്ചേരി കോൺഗ്രസ് സംസ്ഥാന മുൻ അധ്യക്ഷൻ കൂടിയായ നമശിവായം നിലവിലുള്ള വി. നാരായണസാമി മന്ത്രിസഭയിൽ രണ്ടാമനാണ്. 2016 തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ പാർട്ടി ഹൈക്കമാൻഡിൽ സ്വാധീനമുള്ള വി. നാരായണസാമിക്കാണ് അന്ന് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചത്. പകരം നമശിവായത്തിന് മന്ത്രിസ്ഥാനം ലഭിച്ചു. ഇത്തവണയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് നമശിവായത്തിന് നോട്ടമുണ്ടായിരുന്നുവെങ്കിലും നാരായണസാമി തടസ്സമാണെന്ന് ഉറപ്പായതോടെയാണ് വിമതനീക്കങ്ങൾ ആരംഭിച്ചത്.
കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച ബി.ജെ.പി.ക്ക് സംസ്ഥാനത്തെ 30 സീറ്റുകളിൽ ഒന്നിൽപ്പോലും വിജയിക്കാൻ സാധിച്ചിരുന്നില്ല. 2.4 ശതമാനം വോട്ടാണ് പാർട്ടി ആകെ നേടിയത്. എന്നാൽ, പിന്നീട് നാമനിർദേശം ചെയ്യപ്പെടുന്ന മൂന്ന് എം.എൽ.എ. പദവികൾ ലഫ്.ഗവർണറുടെ അധികാരം ഉപയോഗിച്ച് ബി.ജെ.പി. നേടി. സംസ്ഥാന സർക്കാരിന്റെ ശുപാർശ പരിഗണിക്കാതെയാണ് മൂന്ന് ബി.ജെ.പി. നേതാക്കളെ ലഫ്.ഗവർണർ കിരൺ ബേദി എം.എൽ.എ.മാരായി നാമനിർദേശം ചെയ്തത്. ഇത്തവണ എൻ.ആർ. കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ. പാർട്ടികളുമായി സഖ്യത്തിൽ മത്സരിക്കാൻ ഒരുങ്ങുന്ന ബി.ജെ.പി. നമശിവായത്തെ ഒപ്പം കൂട്ടുന്നത് വലിയനേട്ടമാകുമെന്ന കണക്കുകൂട്ടലിലാണ്.
content highlights: puthucheri minister namasivayam likely to join bjp