ദെഹ്‌റാദൂൺ: ഉത്തരാഖണ്ഡിൽ നാലുമാസത്തിനിടയിലെ മൂന്നാമത്തെ മുഖ്യമന്ത്രിയാണ് പുഷ്കർ സിങ് ധാമി. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ദെഹ്‌റാദൂണിൽനടന്ന ബി.ജെ.പി. നിയമസഭാകക്ഷിയോഗമാണ് ധാമിയെ മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചത്. കടുത്ത വിഭാഗീയതയെത്തുടർന്ന് കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരം രാജിവെച്ച മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തിന്റെ പിൻഗാമിയായാണ് മാർച്ച് പത്തിന് തീരഥ് സിങ് റാവത്ത് ചുമതലയേറ്റത്.

എം.എൽ.എ.യല്ലായിരുന്നു അദ്ദേഹം. ഇങ്ങനെ മുഖ്യമന്ത്രിയോ മന്ത്രിയോ ആകുന്നവർ സത്യപ്രതിജ്ഞചെയ്ത് ആറുമാസത്തിനുള്ളിൽ ജനവിധിതേടണമെന്നാണ് ഭരണഘടനയിൽ പറയുന്നത്. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് നിയമസഭാംഗമാകാൻ തീരഥ് സിങ്ങിന് സെപ്റ്റംബർ പത്തുവരെ സമയമുണ്ടായിരുന്നു. എന്നാൽ, കോവിഡ്മൂലം ഉപതിരഞ്ഞെടുപ്പുകൾ ഉടനെ നടത്തേണ്ടതില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനമാണ് റാവത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയത്.

ഈസാഹചര്യത്തിൽ തീരഥ്‌ സിങ്ങിനെ ബുധനാഴ്ച ഡൽഹിയിലേക്കു വിളിപ്പിച്ച കേന്ദ്രനേതൃത്വം രാജിക്ക് നിർദേശിക്കുകയായിരുന്നു. ഡൽഹിയിൽനിന്ന് തിരിച്ചെത്തിയ അദ്ദേഹം ശനിയാഴ്ച അർധരാത്രി ഗവർണർ ബേബി റാണി മൗര്യക്ക് രാജിക്കത്ത് നൽകി. എം.എൽ.എ.യായ ധാമിയെ മുഖ്യമന്ത്രിയാക്കിയതോടെ ബി.ജെ.പി.ക്ക് ഉപതിരഞ്ഞെടുപ്പ് ഭീഷണി ഒഴിവായി.

content highlights: pushkar sigh dhami will become the chief minister of uttara khand 

പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിന്റെയും ഉത്തരാഖണ്ഡ് മുൻമുഖ്യമന്ത്രി ഭഗത് സിങ് കോശിയാരിയുടെയും അടുപ്പക്കാരനായാണ് ധാമി അറിയപ്പെടുന്നത്. ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസിൽ ബിരുദാനന്തരബിരുദവും എൽഎൽ.ബി.യുമുണ്ട്.