ന്യൂഡൽഹി: ഒരു ക്രിക്കറ്റ് ടെസ്റ്റിൽ ഏറ്റവുംകൂടുതൽ സിക്സറുകൾ അടിച്ചതിന്റെ റെക്കോഡ്‌ 25 വർഷം ചുമലിലേറ്റിയ താരമാണ് നവജ്യോത്‌ സിങ് സിദ്ദു. എട്ട് സിക്സറുകളുടെ ആ റെക്കോഡ് 2019-ൽ രോഹിത് ശർമയാണ് തകർത്തത്.

ഒരുകാലത്ത് തട്ടിയും മുട്ടിയും ഇഴഞ്ഞുനീങ്ങുന്ന ബാറ്ററായിരുന്ന സിദ്ദുവിനെ പിന്നീട് ‘സിക്സർ സിദ്ദു’വെന്നാണ് ആരാധകർ വിളിച്ചത്. ഫീൽഡ് ചെയ്യുമ്പോൾ തടിയനങ്ങാത്തതിന് ചീത്തപ്പേര് കേട്ടിരുന്ന സിദ്ദുവിന്റെ ചിലസമയത്തെ മിന്നൽപ്രകടനങ്ങൾ അദ്ദേഹത്തിന് ‘ജോണ്ടി സിങ്’ (മികച്ച ഫീൽഡറായിരുന്ന ദക്ഷിണാഫ്രിക്കൻ താരം ജോണ്ടി റോഡ്‌സിന്റെ പേര്) എന്ന പേരും നേടിക്കൊടുത്തു.

ക്രിക്കറ്റിൽ മാത്രമല്ല, രാഷ്ട്രീയത്തിലും അപ്രതീക്ഷിത മിന്നൽപ്രകടനങ്ങളുടെ താരമാണ് സിദ്ദു. ക്രിക്കറ്റ് വിട്ട് രാഷ്ട്രീയ, കലാ രംഗങ്ങളിൽ നിറഞ്ഞുനിൽക്കുന്ന സിദ്ദു ഇപ്പോഴും സിക്സറുകൾ പറത്താറുണ്ട്. അത് പലപ്പോഴും സ്വന്തം പാളയത്തിലേക്കാണെന്നു മാത്രം.

ബി.ജെ.പി.യിൽനിന്ന് കോൺഗ്രസിലേക്കെത്തിയ സിദ്ദു ഇപ്പോൾ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനാണ്. എന്നാൽ, സ്വന്തം മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയെ ലക്ഷ്യംവെച്ചുള്ള പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് സിദ്ദു മടിച്ചുനിൽക്കാറില്ല. ചന്നിയെക്കാൾ മികച്ച മുഖ്യമന്ത്രിയാകാൻ തനിക്കാകുമെന്നുവരെ സിദ്ദു വെടിപൊട്ടിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിന് തന്നെ മുഖ്യമന്ത്രിയാക്കാനായിരുന്നു താത്പര്യമെന്നും പഞ്ചാബിലെ കോൺഗ്രസുകാരാണ് അതിന് തടസ്സംനിന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഭരണവിരുദ്ധവികാരം, മുഖ്യമന്ത്രിയായിരുന്ന ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന്റെ പുറത്താകലും മറുകണ്ടം ചാടലും തുടങ്ങിയ പ്രശ്നങ്ങൾക്കൊപ്പം സിദ്ദുവിന്റെ ഇത്തരം ‘സിക്സറുകൾ’ കോൺഗ്രസിനുണ്ടാക്കുന്ന തലവേദന ചില്ലറയല്ല. എന്തായാലും ടീം പഞ്ചാബിന്റെ യഥാർഥ ക്യാപ്റ്റൻ ആരാകുമെന്നറിയാൻ രാജ്യം കാത്തിരിക്കുന്നു.

content highlights: punjab election navjot singh siddu