പുണെ: സാമൂഹികപ്രവർത്തകരായ അരുൺ ഫെരേര, വെർണൻ ഗൊൽസാവീസ് എന്നിവരെ നവംബർ ആറുവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പുണെ സെഷൻസ് കോടതിയാണ് ഇവരെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. ഇവർക്കൊപ്പം ജാമ്യം നിഷേധിക്കപ്പെട്ട പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസിന്റെ ദേശീയ സെക്രട്ടറി സുധാ ഭരദ്വാജിനെ ഫരീദാബാദിലെ വീട്ടിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.

ഭീമാ കോരേഗാവ് സംഘർഷത്തിലെ മാവോവാദി ബന്ധത്തിന്റെപേരിൽ വീട്ടുതടങ്കലിലായിരുന്ന അരുൺ ഫെരേര, വെർണൻ ഗൊൽസാവീസ് എന്നീ മനുഷ്യാവകാശ പ്രവർത്തകരുടെ ജാമ്യാപേക്ഷ പുണെ സെഷൻസ് കോടതി വെള്ളിയാഴ്ച തള്ളിയതിനെത്തുടർന്ന് ഇവരെ പുണെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

സെപ്റ്റംബർ 28-ന് മുംബൈയിൽനിന്ന് പുണെ പോലീസ് അറസ്റ്റുചെയ്ത ഇവർക്ക് പോലീസ് കസ്റ്റഡിക്ക് പകരം സുപ്രീംകോടതി തീരുമാനപ്രകാരം ഏർപ്പെടുത്തിയ വീട്ടുതടങ്കലിന്റെ കാലാവധി വെള്ളിയാഴ്ച അവസാനിച്ചിരുന്നു. അതിനെത്തുടർന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് സ്ഥിരീകരിച്ചു.

വീട്ടുതടങ്കലിൽ കഴിയുന്ന സാമൂഹിക പ്രവർത്തകൻ ഗൗതം നവ്‌ലാഖയെ നവംബർ ഒന്നുവരെ അറസ്റ്റുചെയ്യുന്നതിൽനിന്ന് ബോംബെ ഹൈക്കോടതി വിലക്കി. എന്നാൽ, ഇതേ കേസിൽ കുറ്റാരോപിതനായ ആനന്ദ് തെൽതുംഡെയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ജസ്റ്റിസ് രഞ്ജിത്ത് മോറും ഭാരതി ഡാഗ്രെയും ചേർന്ന ഡിവിഷൻ ബെഞ്ചാണ് ജാമ്യാപേക്ഷ നിഷേധിച്ചത്.

കുറ്റാരോപിതർ ദശാബ്ദങ്ങളായി പൊതുതാത്പര്യങ്ങൾക്കായി പ്രവർത്തിക്കുന്നവരാണ് -നാവ്‌ലാഖയെയും തെൽതുംഡയയെയും പരാമർശിച്ച് അവരുടെ വക്കീൽ യുഗ് ചൗധരി കോടതിയിൽ പറഞ്ഞു. എന്നാൽ, പ്രതികൾക്കെതിരേ എല്ലാ തെളിവുകളും പോലീസിന്റെ കൈയിലുണ്ടെന്ന് സർക്കാരിന്റെ അഭിഭാഷകൻ അരുൺ പൈ പറഞ്ഞു.

സുധാ ഭരദ്വാജ് ഉൾപ്പെടെ മുംബൈയിൽനിന്നുള്ള മുൻ കോളേജ് ലക്ചറർ വെർണൻ ഗൊൽസാവീസ്, മാവോബന്ധം ആരോപിച്ച് നേരത്തേ അഞ്ചുവർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്ന അരുൺ ഫെരേര, ഡൽഹിയിലെ പീപ്പിൾസ് യൂണിയൻ ഫോർ ഡെമോക്രാറ്റിക് റൈറ്റ് പ്രവർത്തകൻ ഗൗതം നവ്‌ലാഖ, ഹൈദരബാദിൽനിന്നുള്ള തെലുങ്ക് കവി വരവരറാവു എന്നീ അഞ്ചുപേരെയാണ് ഓഗസ്റ്റ് 28-ന് പുണെ പോലീസ് ആദ്യം അറസ്റ്റുചെയ്തിരുന്നത്. കേസിൽ മൂന്നുപേരുടെയും പങ്കിനെക്കുറിച്ച് പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് പുണെ സെഷൻസ് ജഡ്ജ് കെ.ഡി. വദാനെ നടത്തിയ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വീണ്ടും അറസ്റ്റുചെയ്യാൻ പുണെ പോലീസ് തീരുമാനിച്ചത്.