പുണെ: പുണെ മംഗൾവാർപേട്ടിൽ ഓൾഡ് മാർക്കറ്റ് ചൗക്കിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് മൂന്നുപേർ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു. ആറുപേരുടെ നില ഗുരുതരമാണ്. റെയിൽവേയുടെ സ്ഥലത്താണ് പരസ്യബോർഡ് സ്ഥാപിച്ചിരുന്നത്.

തിരക്കേറിയ റോഡിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളുടെ മുകളിൽ ഇരുമ്പ് ബോർഡ് തകർന്ന് വീണത്. ഭഗവത് റാവു ധോത്ര (48), ഭീംറാവു കാസർ(70), ശിവാജി ദേവിദാസ് പർദേശി (40) എന്നിവരാണ് മരിച്ചത്. ജാവേദ് ഖാൻ(49), ഉമേഷ് ധർമരാജ് മോറെ(36), കിരൺ തോസർ (45), യശ്വന്ത് ഖോബറെ(45 ), മഹേഷ് യശ്വന്ത്റാവു വിശ്വേശ്വർ (50 ), രുക്മിണി പർദേശി(55), ദേവാംശ് പർദേശി (40), സമൃദ്ധിപർദേശി (18) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ സസൂൺ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറ് ഓട്ടോറിക്ഷകൾ, രണ്ടു ബൈക്കുകൾ, ഒരു കാർ എന്നിവ അപകടത്തിൽ തകർന്നു.