പുണെ: കോടികളുടെ വായ്പത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ രവീന്ദ്ര മറാഠേക്ക് ജാമ്യം. പുണെ ജില്ലാ സെഷൻസ് കോടതിയിൽ ഡി.എസ്. കെ. നിക്ഷേപത്തട്ടിപ്പുകേസിൽ വാദം കേൾക്കുന്ന പ്രത്യേക ജഡ്ജി ആർ.എൻ. സർദേശായിയാണ് ജാമ്യം നല്കിയത്.

നിക്ഷേപത്തട്ടിപ്പുകേസിൽ ജയിലിൽ കഴിയുന്ന ഡി.എസ്. കുൽക്കർണിയുടെ ഡി.എസ്.കെ. ഗ്രൂപ്പിന് മാനദണ്ഡങ്ങൾ ലംഘിച്ച് വായ്പനൽകിയെന്നാണ് കേസ്. ജൂൺ 20-നാണ് പുണെ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണവിഭാഗം രവീന്ദ്ര മറാഠേയെ അറസ്റ്റുചെയ്തത്. ജൂൺ 27 വരെ പോലീസ് കസ്റ്റഡിയിൽ വിട്ട അദ്ദേഹത്തെ അന്ന് രാത്രിതന്നെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജൂൺ 23 വരെ സസൂൺ ഹോസ്പിറ്റലിലും തുടർന്ന് ജോഷി ഹോസ്പിറ്റലിലുമായി ചികിത്സയിലാണ് മറാഠേ.

മറാഠേയോടൊപ്പം അറസ്റ്റിലായ ബാങ്ക് ഓഫ് മഹാരാഷ്ട്ര എക്സിക്യുട്ടീവ് ഡയറക്ടർ ആർ.കെ. ഗുപ്ത ,സോണൽ മാനേജർ നിത്യാനന്ദ ദേശ്‌പാണ്ഡെ, ബാങ്കിന്റെ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുശീൽ മുൻഹോട്ട്, ഡി.എസ്.കെ. ഗ്രൂപ്പ് ചാർട്ടേഡ് അക്കൗണ്ടന്റായ സുനിൽ ഘട്ട്പാന്ദെ, എൻജിനീയറിങ് വിഭാഗം വൈസ് പ്രസിഡന്റ് രാജീവ് നേവാസ്കർ എന്നിവർ ജൂലായ് 11 വരെ പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച പരിഗണിക്കും.