പുണെ: കടങ്ങൾ എഴുതിത്തള്ളിയും സൗജന്യ വൈദ്യുതി നൽകിയും പരിഹരിക്കാവുന്നതിനെക്കാൾ കൂടുതലാണ് രാജ്യത്തെ കർഷകരുടെ പ്രശ്നങ്ങളെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യനായിഡു. പുണെയിൽ നടക്കുന്ന രണ്ടു ദിവസത്തെ കാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൃഷി ലാഭകരമാക്കാനുള്ള പദ്ധതികൾക്കൊപ്പം ചെറിയ പലിശയ്ക്കുള്ള വായ്പ കാലതാമസങ്ങൾ ഒഴിവാക്കി കർഷകരിൽ എത്തിക്കാനുള്ള നടപടികളുണ്ടാകണം. കർഷകസൗഹൃദനയങ്ങളാണ് സർക്കാർതലത്തിൽ ഉണ്ടാകേണ്ടത്. കൂടുതൽ രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്ന രീതികൾക്ക് മാറ്റമുണ്ടാകണം. കൂടുതൽ ലാഭം കിട്ടാൻ സാധ്യതയുള്ള പഴങ്ങളും പയർവർഗങ്ങളും മറ്റും കൃഷിചെയ്യാനുള്ള നിർദേശങ്ങൾക്കൊപ്പം അതിനുള്ള സഹായങ്ങളും കർഷകർക്ക് ലഭ്യമാക്കണം. കർഷകരുടെ ഉന്നതിക്കായി സർക്കാർതലത്തിൽ പല നടപടികളുമുണ്ടായിട്ടുണ്ടെങ്കിലും ഇതിന്റെ ഗുണം കർഷകരിൽ എത്തിയിട്ടുണ്ടോ എന്ന കാര്യത്തിൽ സൂക്ഷ്മപരിശോധന നടത്തി ആവശ്യമായ നയമാറ്റങ്ങൾക്ക് നാം തയ്യാറാകണമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ്, പ്രമുഖ കാർഷിക ശാസ്ത്രജ്ഞൻ പ്രൊഫ. എം.എസ്. സ്വാമിനാഥൻ, എൻ.സി.പി. നേതാവ് ശരദ് പവാർ തുടങ്ങിയവരും പങ്കെടുത്തു.