പുണെ: മുത്തച്ഛന്മാരും മുത്തശ്ശിമാരും കൊച്ചുമക്കളുടെ പരിപാലനം ഏറ്റെടുക്കണമെന്ന അച്ഛനമ്മമാരുടെ പൊതു കാഴ്ചപ്പാടില്‍ മാറ്റം ഉണ്ടാകണമെന്ന് പുണെ കുടുംബകോടതി ജഡ്ജി സ്വാതി ചവാന്‍.

വാര്‍ധക്യകാലത്ത് ദമ്പതിമാര്‍ക്ക് ഇഷ്ടാനുസരണം ജീവിക്കാനുള്ള സ്വാതന്ത്ര്യം അവരുടെ സുഖജീവിതത്തിന് അനിവാര്യമാണ്. വിവാഹമോചനം ഇല്ലാതെ ഭര്‍ത്താവില്‍നിന്ന് മക്കളുടെ പരിപാലനത്തിനുള്ള പണം ആവശ്യപ്പെട്ടുകൊണ്ട് ഉദ്യോഗസ്ഥയായ ഭാര്യ നല്‍കിയ പരാതി പരിശോധിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശമുണ്ടായത്.

ഭര്‍ത്താവിന്റെ അച്ഛനമ്മമാര്‍ തന്റെ രണ്ട് മക്കളുടെ പരിപാലനം ഏറ്റെടുക്കാത്തതിനാല്‍ ശിശുപരിപാലന കേന്ദ്രത്തില്‍ അയക്കേണ്ടി വന്നെന്നായിരുന്നു ഇവരുടെ ആരോപണം. പ്രസവിച്ച് കുറച്ചുമാസങ്ങള്‍ മാത്രം കൊച്ചുമക്കളെ പരിപാലിച്ച വൃദ്ധദമ്പതിമാര്‍ പിന്നീട് അവരെ വിട്ട് ഉല്ലാസയാത്രയ്ക്കും മറ്റും പോയി എന്നായിരുന്നു മരുമകളുടെ പരാതി.

ഇത്തരമൊരു അപേക്ഷയില്‍ മുത്തച്ഛനെയും മുത്തശ്ശിയെയും പ്രതിയാക്കിയത് അനാവശ്യമാണെന്നും കോടതി പറഞ്ഞു. ജോലിക്കാരായ ദമ്പതിമാര്‍ മക്കളെ ശിശുപരിപാലനകേന്ദ്രത്തില്‍ വിടുന്നത് അസാധാരണസംഭവമല്ല. സ്വന്തം ആരോഗ്യം, മാനസികോല്ലാസം, ഒഴിവുസമയം എന്നിവയുടെ അടിസ്ഥാനത്തില്‍ കൊച്ചുമക്കളെ നോക്കാന്‍ സ്വയം തയ്യാറാകുന്നവരെ തടയേണ്ട ആവശ്യമില്ല. പക്ഷേ, അവരുടെ ഒരു ബാധ്യതയായി കണക്കാക്കരുതെന്നും ജഡ്ജി പറഞ്ഞു.