പുണെ: ഹിമാചല്‍ പ്രദേശിലെ മാനവ് ഭാരതി സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ പിഎച്ച്.ഡി. സര്‍ട്ടിഫിക്കറ്റില്‍ ജോലി നേടിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പുണെയിലെ സ്‌പൈസര്‍ അഡ്വന്റിസ്റ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നോബിള്‍ പ്രസാദ് പിള്ളി ഉള്‍പ്പെടെ മൂന്നാളുടെപേരില്‍ പോലീസ് കേസെടുത്തു. സര്‍വകലാശാലയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ രത്‌നസ്വാമി ജെയിം, ആര്‍ട്‌സ് വകുപ്പുമേധാവി മലയാളിയായ ചാക്കോ പോള്‍ എന്നിവരാണ് മറ്റു രണ്ടുപേര്‍.

കേരളത്തിലെ റാന്നി സ്വദേശിയായ ചാക്കോ പോള്‍ പുണെയിലെ സ്ഥിരതാമസക്കാരനാണ്. സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്രിയേറ്റീവ് എഡ്യുക്കേഷന്‍ ഫൗണ്ടേഷന്റെ പുണെ കാത്രജിലെ

ഹിന്ദുസ്ഥാന്‍ കോളേജ് ഓഫ് മാനേജ്‌മെന്റ് സെന്റര്‍ ഡയറക്ടര്‍ കൂടിയാണ് ചാക്കോപോള്‍. വഞ്ചന, തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വ്യാജ പിഎച്ച്.ഡി. ബിരുദ രേഖകള്‍ സമര്‍പ്പിച്ചാണ് ഇവര്‍ പദവിയിലെത്തിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുണെയിലെ ഛത്രു സിങ്ജി പോലീസ് സ്റ്റേഷനില്‍ ഇവരുടെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

സെവന്‍ത്‌ഡെ അഡ്വന്റിസ്റ്റ് സഭയുടെ കീഴിലാണ് പുണെയിലെ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നത്. 2014-ലാണ് കല്പിത സര്‍വകലാശാലാ പദവി ലഭിക്കുന്നത്. സര്‍വകലാശാലയുടെ കീഴില്‍ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഈ സഭയുമായി അടുത്തബന്ധം പുലര്‍ത്തുന്ന അലന്‍ അല്‍മിഡ(53) രണ്ട് വര്‍ഷം മുന്‍പ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്.

2010 - 13 കാലഘട്ടത്തില്‍ വ്യാജ പിഎച്ച്.ഡി. ബിരുദം തരപ്പെടുത്തിയാണ് മൂവരും സ്ഥാനങ്ങളിലെത്തിയത് എന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. സര്‍വകലാശാലയുടെ ഉള്ളില്‍മാത്രം പ്രചരിക്കുന്ന മാസികയില്‍നിന്നാണ് മൂന്ന് പേര്‍ക്കും പിഎച്ച്.ഡി. ബിരുദം ലഭിച്ച വാര്‍ത്ത താനറിഞ്ഞത് എന്ന് അലന്‍ അല്‍മിഡ മാധ്യമങ്ങളോട് പറഞ്ഞു.

പുണെയിലെ സ്ഥിര താമസക്കാരായ മൂന്നുപേരും ഹിമാചല്‍പ്രദേശില്‍നിന്ന് പിഎച്ച്.ഡി. ബിരുദം നേടിയെന്നാണ് മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഇതിന്റെ സത്യാവസ്ഥ തേടിയായിരുന്നു അന്വേഷണത്തിന്റെ തുടക്കം. ക്രൈസ്തവ ന്യൂനപക്ഷ സ്ഥാപനമെന്ന നിലയ്ക്ക് വിവരാവകാശ നിയമം തങ്ങള്‍ക്ക് ബാധകമല്ലെന്ന വാദത്തില്‍ സ്‌പൈസര്‍ സര്‍വകലാശാല ആരോപണം തള്ളുകയായിരുന്നു. സെവന്‍ത്‌ഡെ അസ്വന്റിസ്റ്റ് ക്രൈസ്തവസഭയുടെ തമിഴ്‌നാട് ഹൊസൂറിലെ ആസ്ഥാന പള്ളി അധികാരികളെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് അദ്ദേഹം സര്‍ക്കാരിന് പരാതി നല്‍കിയത്.

ഹിമാചല്‍ പ്രദേശില്‍ യു.ജി.സി. അഫിലിയേഷനുള്ള പൊതു സര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റാണ് ഇവരില്‍നിന്ന് കണ്ടെത്തിയത്. മൂന്നുപേരുടെയും പിഎച്ച്.ഡി. ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന കാര്യം ഹിമാചല്‍ പ്രദേശിലെ മാനവ് ഭാരതി സര്‍വകലാശാല തന്നെയാണ് സ്ഥിരീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.