ന്യൂഡൽഹി: ജമ്മുകശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ്. വാഹനവ്യൂഹത്തെ ആക്രമിച്ച ഭീകരർക്ക് താവളമൊരുക്കിയ ജയ്ഷെ മുഹമ്മദ് ഭീകരനെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) അറസ്റ്റുചെയ്തു.

പുൽവാമയിലെ ഹാജിബൽ സ്വദേശിയായ ഫർണിച്ചർ കടയുടമ ഷാക്കിർ ബഷീർ മാഗ്‌രേ (22) ആണ്‌ എൻ.ഐ.എ.യുടെ പിടിയിലായത്. പുൽവാമ ഭീകരാക്രമണത്തിലെ ചാവേറായിരുന്ന ആദിൽ അഹമ്മദ് ദറിന് സഹായം നൽകിയ ഇയാൾ ‍ജയ്ഷെ മുഹമ്മദിന്റെ മുഴുവൻസമയ പ്രവർത്തകനായിരുന്നു

ചോദ്യംചെയ്യലിൽ 2018 അവസാനംമുതൽ 2019 ഫെബ്രുവരിവരെ ദറിനെയും പാകിസ്താൻ ഭീകരൻ മുഹമ്മദ് ഉമർ ഫാറൂക്കിനെയും മാഗ്‌രേ സ്വന്തംവീട്ടിൽ താമസിപ്പിക്കുകയും സ്ഫോടകവസ്തുക്കൾ നിർമിക്കാൻ സഹായിക്കുകയും ചെയ്തതായി വെളിപ്പെടുത്തിയിട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തിലുൾപ്പെടെ ഭീകരർക്ക് പണം, ആയുധങ്ങൾ, വെടിമരുന്ന്, സ്ഫോടകവസ്തുക്കൾ എന്നിവ ശേഖരിച്ചുനൽകിയതായി മാഗ്‌രേ മൊഴിനൽകി. ജമ്മുവിലെ എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കിയ ഇയാളെ കൂടുതൽ ചോദ്യംചെയ്യലിനായി എൻ.ഐ.എ. കസ്റ്റഡിയിൽവിട്ടു.

Content Highlighs: Pulwama terror attack case, NIA arrest one of Terrorist involving an attack