ന്യൂഡൽഹി: രണ്ടുകൊല്ലംമുമ്പ് ജമ്മുകശ്മീരിലെ പുൽവാമയിലെ ജയ്ഷെ മുഹമ്മദ് ഭീകരരുടെ ആക്രമണത്തിൽ വീരമൃത്യവരിച്ച സൈനികർക്ക് രാജ്യത്തിന്റെ ആദരാഞ്ജലി. 2019 ഫെബ്രുവരി 14-ന് വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിലാണ് 40 ജവാന്മാർ മരിച്ചത്.

ഇവരുടെ ദേശാഭിമാനവും പരമോന്നത ത്യാഗവും രാജ്യം എന്നും ഓർമിക്കുമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു പറഞ്ഞു. ഒരിന്ത്യക്കാരനും ഈ ദിവസം മറക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സുരക്ഷാസേനയുടെ ധൈര്യത്തിൽ രാജ്യം അഭിമാനിക്കുന്നുവെന്നും തലമുറകളെ അവരുടെ ധൈര്യം പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി ഞായറാഴ്ച ചെന്നൈയിൽ പറഞ്ഞു.

ധീരജവാന്മാരുടെ ഓർമകൾക്കുമുന്നിൽ ശിരസ്സ് നമിക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും അവരുടെ സേവനവും രക്തസാക്ഷിത്വവും ഒരിക്കലും മറക്കില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും പറഞ്ഞു.

പുൽവാമാ രക്തസാക്ഷികളെ അനുസ്മരിക്കാൻ ജമ്മുകശ്മീരിലെ ലെത്തേപോരയിൽ നടന്ന ചടങ്ങിൽ ഉന്നത സി.ആർ.പി.എഫ്. ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു. ജവാന്മാരുടെ സ്മരണയ്ക്കായി തയ്യാറാക്കിയ വീഡിയോബുക്ക് സി.ആർ.പി.എഫ്. ഡയറക്ടർ ജനറൽ എ.പി. മഹേശ്വരി പ്രകാശനം ചെയ്തു.

Content Highlights: Pulwama terror attack