മൈൻപുരി(യു.പി.): ബാലാകോട്ടിൽ വ്യോമസേന നടത്തിയ പ്രത്യാക്രമണത്തിന്റെ തെളിവുകൾ പുറത്തുവിടണമെന്ന് പുൽവാമ ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ടു സൈനികരുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. എങ്കിലേ തങ്ങൾക്ക്‌ സമാധാനം ലഭിക്കൂവെന്ന് അവർ പറഞ്ഞു. പുൽവാമയിൽ കൊല്ലപ്പെട്ട ഉത്തർപ്രദേശിൽനിന്നുള്ള സൈനികരായ പ്രദീപ് കുമാർ, റാം വകീൽ എന്നിവരുടെ കുടുംബാംഗങ്ങളാണ് ഇന്ത്യ തിരിച്ചടി നടത്തിയതിന്റെ തെളിവുകൾ വേണമെന്നാവശ്യപ്പെട്ടത്.

“പുൽവാമ ആക്രമണത്തിലേതുപോലെ ആരുടെയൊക്കെയോ കാലുകളും കൈകളുമൊക്കെ തിരിച്ചടി നടത്തിയതിന്റെ ദൃശ്യങ്ങളിൽ കണ്ടു. ആക്രമണമുണ്ടായ ഉടനെ ആരോ ഉത്തരവാദിത്വം ഏറ്റെടുത്തു. തിരിച്ചടി നടത്തിയെന്ന്‌ ഞാൻ വിശ്വസിക്കുന്നു. എന്നാൽ, എവിടെയാണ് അവർ ഇതുചെയ്തത്. കൃത്യമായ തെളിവുകളില്ലാതെ എങ്ങനെയത്‌ വിശ്വസിക്കാൻ കഴിയും. പാകിസ്താൻ പറയുന്നു അവർക്ക് പരിക്കേറ്റിട്ടില്ലെന്ന്. തെളിവുകൾ കാണിക്കൂ. എങ്കിൽമാത്രമേ ഞങ്ങൾക്ക്‌ സമാധാനം ലഭിക്കൂ. എന്നാൽ മാത്രമേ, എന്റെ സഹോദരന്റെ മരണത്തിന്‌ പകരംവീട്ടിയെന്ന്‌ തോന്നൂ” -രാം വകീലിന്റെ സഹോദരി രാം ലക്ഷ പറഞ്ഞു.

“ഞങ്ങൾക്ക്‌ തൃപ്തിയില്ല. ഒട്ടേറെ ആൺമക്കൾ മരിച്ചു. പാകിസ്താന്റെ ഭാഗത്ത് ഒരു മൃതദേഹവും കാണാൻ കഴിഞ്ഞില്ല. ആൾനാശമുണ്ടായതായി സ്ഥിരീകരിച്ച് അവിടെനിന്ന് വാർത്തകളൊന്നും വന്നിട്ടില്ല. ആക്രമണ ദൃശ്യങ്ങൾ ഞങ്ങൾക്ക്‌ ടി.വി.യിൽ കാണണം. അതിനെപ്പറ്റി വീടുകളിൽ സംസാരിക്കണം. ഭീകരരുടെ മൃതദേഹങ്ങൾ കാണണം” -പ്രദീപ് കുമാറിന്റെ അമ്മ സുലേലത പറഞ്ഞു.

content highlights: Pulwama Attack Victims' Kin Seek 'Decisive Proof' of IAF Strike in Pakistan