മുംബൈ: പ്രൈമറിതലംമുതല്‍ പന്ത്രണ്ടാംക്ലാസ് വരെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഇന്ത്യക്കാര്‍ മുടക്കുന്നത് ശരാശരി 18,909 യു.എസ്.ഡോളറെന്ന് (ഏകദേശം 12.22 ലക്ഷം രൂപ)പഠനം. ആഗോള ശരാശരിയേക്കാള്‍ പകുതിയിലേറെ കുറവാണിത്. 44,221 യു.എസ്.ഡോളറാണ് (ഏകദേശം 28.53 ലക്ഷം) ആഗോളതലത്തിലെ ശരാശരി വിദ്യാഭ്യാസച്ചെലവ്. എച്ച്.എസ്.ബി.സി.യുടെ 'ദി വാല്യൂ ഓഫ് എജ്യുക്കേഷന്‍' പഠനത്തിലാണ് ഇതുസംബന്ധിച്ച വിവരങ്ങളുള്ളത്.

പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍/സര്‍വകലാശാല ട്യൂഷന്‍ ഫീസ്, പുസ്തകങ്ങള്‍, താമസം, യാത്ര എന്നിവയാണ് ആകെ വിദ്യാഭ്യാസച്ചെലവ് കണക്കാക്കാന്‍ പരിഗണിച്ചത്. ഹോങ് കോങ്, യു.എ.ഇ., സിങ്കപ്പൂര്‍ എന്നീ രാജ്യങ്ങളിലെ രക്ഷിതാക്കളാണ് കൂടുതല്‍ തുക ചെലവഴിക്കുന്നത്. ഹോങ്!കോങ്-84.58 ലക്ഷം, യു.എ.ഇ.-63.60 ലക്ഷം, സിങ്കപ്പൂര്‍-45.40 ലക്ഷം എന്നിങ്ങനെയാണ് ശരാശരി വിദ്യാഭ്യാസച്ചെലവ്.

ഓസ്‌ട്രേലിയ, കാനഡ, ചൈന, ഈജിപ്ത്, ഫ്രാന്‍സ്, ഹോങ്!കോങ്, ഇന്ത്യ, ഇന്‍ഡൊനീഷ്യ, മലേഷ്യ, മെക്‌സിക്കോ, സിങ്കപ്പൂര്‍, തയ്വാന്‍, യു.എ.ഇ., യു.കെ., അമേരിക്ക എന്നിവിടങ്ങളിലെ 8481 രക്ഷിതാക്കളില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരം. 15 രാജ്യങ്ങളുടെ പട്ടികയില്‍ 13-ാമതാണ് ഇന്ത്യയുടെ സ്ഥാനം.