ചെന്നൈ: ബി.ജെ.പി. നേതാക്കളായ മൂന്നുപേരെ എം.എല്‍.എ.മാരായി ലഫ്.ഗവര്‍ണര്‍ കിരണ്‍ ബേദി നാമനിര്‍ദേശം ചെയ്തതിനെ ചൊല്ലി പുതുച്ചേരിയില്‍ പോര് മുറുകി. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന 30 എം.എല്‍.എ.മാരെ കൂടാതെ മൂന്നുപേരെ നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ സാധിക്കും.
 
കേന്ദ്രസര്‍ക്കാരാണ് എം.എല്‍.എ.മാരെ നിയമിക്കുന്നതെങ്കിലും സംസ്ഥാന സര്‍ക്കാരാണ് പേരുകള്‍ ശുപാര്‍ശ ചെയ്യുന്നത്. സര്‍ക്കാര്‍ നല്‍കുന്ന പേരുകള്‍ അംഗീകരിച്ചതിനുശേഷം ലഫ്.ഗവര്‍ണര്‍ ഇതു കേന്ദ്രത്തിനു സമര്‍പ്പിക്കുകയാണു പതിവ്. എന്നാല്‍ സര്‍ക്കാരുമായി ആലോചിക്കാതെ കിരണ്‍ ബേദി മൂന്നു പേരുടെ ലിസ്റ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയയ്ക്കുകയായിരുന്നു.

കിരണ്‍ ബേദിയുടെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍, ഇതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ആര്‍.സ്വാമിനാഥന്‍, ഖജാന്‍ജി ശങ്കര്‍, സ്വകാര്യ സ്‌കൂള്‍ കറസ്‌പോണ്ടന്റ് ശെല്‍വഗണപതി എന്നിവരെയാണു ബേദി നിര്‍ദേശിച്ചത്. ഇവര്‍ മൂന്നു പേരും തിങ്കളാഴ്ച രാജ്‌നിവാസില്‍ എത്തി ലഫ്.ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. നിയമനം സംബന്ധിച്ച് അടുത്ത ദിവസം അറിയിപ്പുണ്ടാകുമെന്ന് സ്വാമിനാഥന്‍ പറഞ്ഞു. അതേസമയം, എം.എല്‍.എ.മാരുടെ നിയമനം സംബന്ധിച്ച് അറിയിപ്പ് സെക്രട്ടേറിയറ്റില്‍ ലഭിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി വി.നാരായണസ്വാമി അറിയിച്ചു.

നാമനിര്‍ദേശം ചെയ്യുന്നതിനുള്ള പേരുകള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്ന് അംഗീകാരം നേടുന്നതിനു വേണ്ടി നാരായണസ്വാമി ഡല്‍ഹിയില്‍ പോയി തിരിച്ചു വന്നപ്പോഴേക്കും കിരണ്‍ ബേദി പേരുകള്‍ സമര്‍പ്പിച്ചു കഴിഞ്ഞിരുന്നു. എം.എല്‍.എ.മാരെ നാമനിര്‍ദേശം ചെയ്യുന്നതു കേന്ദ്ര സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നകാര്യമാണെന്നും ഇതില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം പരിഗണിക്കണമെന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

എം.എല്‍.എ.മാരെ നേരിട്ടു നാമനിര്‍ദേശം ചെയ്ത ലെഫ്. ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് എം.എല്‍.എ. ലക്ഷ്മിനാരായണന്‍ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. കേസ് ബുധനാഴ്ച കോടതി പരിഗണിക്കുമെന്ന് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം മേയില്‍ നാരായണസ്വാമിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ ആരംഭിച്ചതാണ് ലെഫ്.ഗവര്‍ണര്‍ കിരണ്‍ ബേദിയുമായുള്ള അധികാര തര്‍ക്കം.

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ അധികാരത്തില്‍ ലെഫ്.ഗവര്‍ണര്‍ കടന്നുകയറുന്നുവെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുടെ ആരോപണം. കിരണ്‍ ബേദിയെ തിരിച്ചു വിളിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടിരുന്നു.