ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാരോപണം കൈകാര്യം ചെയ്തതിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നുകാട്ടി വനിതാ അഭിഭാഷകരും സാമൂഹികപ്രവർത്തകരും സുപ്രീംകോടതിക്കുമുന്നിൽ പ്രതിഷേധപ്രകടനം നടത്തി. ചീഫ് ജസ്റ്റിസിന് ക്ലീൻചിറ്റ് നൽകിയ ആഭ്യന്തര സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് വനിതകൾ പ്രതിഷേധവുമായെത്തിയത്. പ്രകടനം നടത്തിയ 55 പേരെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ 52 പേരും സ്ത്രീകളാണ്.

പ്രതിഷേധമുണ്ടാകുമെന്ന സൂചനയെത്തുടർന്ന് കോടതി പരിസരത്ത് കനത്ത പോലീസ് സന്നാഹമൊരുക്കിയിരുന്നു. ’നിയമത്തിനാണ് അപ്രമാദിത്വം’, ’നിങ്ങൾ എത്ര ഉയരത്തിലാണെങ്കിലും നിയമം അതിനും മേലെയാണ്’ തുടങ്ങിയ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ എത്തിയത്. സി.പി.ഐ. നേതാവ് ആനി രാജയടക്കമുള്ള പ്രതിഷേധക്കാരെ അറസ്റ്റുചെയ്ത് മന്ദിർമാർഗ് പോലീസ് സ്റ്റേഷനിലേക്കു മാറ്റി.

ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ആഭ്യന്തര സമിതിയാണ് ചീഫ് ജസ്റ്റിസിന്റെപേരിലുള്ള ലൈംഗികാരോപണം അന്വേഷിച്ച് കഴിഞ്ഞദിവസം റിപ്പോർട്ട് സമർപ്പിച്ചത്. ആരോപണത്തിൽ കഴമ്പില്ലെന്നായിരുന്നു സമിതിയുടെ കണ്ടെത്തൽ. റിപ്പോർട്ടിന്റെ പകർപ്പ് പരാതിക്കാരിക്ക് നൽകിയിരുന്നില്ല. ആരോപണവിധേയനായ ചീഫ് ജസ്റ്റിസിനും മറ്റൊരു മുതിർന്ന ജഡ്ജിക്കുമാണ് നൽകിയത്.

ആഭ്യന്തരസമിതിയുടെ നടപടിയിൽ അതൃപ്തിയറിയിച്ചുകൊണ്ട് അന്വേഷണവുമായി സഹകരിക്കാതെ പരാതിക്കാരി പിന്മാറിയിരുന്നു. മൂന്നുതവണ സമിതിക്കുമുമ്പാകെ ഹാജരായശേഷമാണ് സുപ്രീംകോടതിയിലെ മുൻ ജീവനക്കാരിയായ യുവതി പിന്മാറിയത്. എന്നാൽ സമിതി നടപടികളുമായി മുന്നോട്ടുപോകുകയായയിരുന്നു.

സമിതിക്കുമുമ്പാകെ അഭിഭാഷകരെ ഹാജരാക്കാനോ നടപടിക്രമങ്ങൾ വീഡിയോയിൽ പകർത്താനോ സമിതി തയ്യാറായില്ലെന്ന് പരാതിക്കാരി ആക്ഷേപമുന്നയിച്ചിരുന്നു. പ്രശാന്ത് ഭൂഷൺ അടക്കമുള്ള അഭിഭാഷകരും സമിതി സ്വീകരിച്ച നടപടിക്രമത്തെ വിമർശിച്ചിരുന്നു.

Content Highlights: Protest outside Supreme Court