ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരേ ഡൽഹി ജാമിയ മിലിയ സർവകലാശാലയിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കവേ ശശി തരൂർ എം.പി.ക്കുനേരെ പ്രതിഷേധം.

തരൂർ പ്രസംഗിച്ചുകൊണ്ടിരിക്കവേയാണ് ഒരുസംഘമാളുകൾ ‘ലാ ഇലാഹാ ഇല്ലള്ളാ’ എന്ന മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡേന്തിയും പ്രതിഷേധിച്ചത്. തരൂർ ഇസ്‌ലാമികവിരുദ്ധനാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇവരെ സംഘാടകർ പിടിച്ചുമാറ്റി. എന്നാൽ, പരിപാടിക്കുശേഷം മടങ്ങുമ്പോൾ തരൂരിന്റെ കാറിൽ പ്രതിഷേധക്കാർ ‘ലാ ഇലാഹാ ഇല്ലള്ളാ’ എന്നെഴുതിയ പോസ്റ്റർ പതിച്ചു. രാഷ്ട്രീയമോ തെറ്റിദ്ധാരണയോ ആകാം അവരുടെ പ്രതിഷേധത്തിന് പിന്നിലെന്ന് തരൂർ ഇതേക്കുറിച്ച് പ്രതികരിച്ചു.

പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങൾക്കിടെ ‘ലാ ഇലാഹാ ഇല്ലള്ളാ’ എന്ന മുദ്രാവാക്യമുയർത്തുന്നതിനെതിരേ കുറച്ചുദിവസംമുമ്പ്‌ തരൂർ ട്വീറ്റ് ചെയ്തിരുന്നു. ഹിന്ദുത്വതീവ്രവാദത്തോടുള്ള നമ്മുടെ എതിർപ്പ് ഇസ്‌ലാമികതീവ്രവാദത്തെ തുണയ്ക്കില്ലെന്ന് ഉറപ്പാക്കിക്കൊണ്ടാകണമെന്നായിരുന്നു തരൂരിന്റെ സന്ദേശം. അത്തരത്തിൽ ചിലർ നടത്തുന്ന സമരത്തിന്റെ വീഡിയോ പോസ്റ്റ്ചെയ്താണ് തരൂർ ഇക്കാര്യം ട്വീറ്റ് ചെയ്തത്. തരൂരിന്റെ ഈ നടപടിയാകാം പ്രതിഷേധത്തിന് കാരണമെന്ന് കരുതുന്നു.

ജാമിയയ്ക്കുപുറമേ ഡൽഹിയിലെ ഷഹീൻബാഗ്, ജെ.എൻ.യു. എന്നിവിടങ്ങളിൽനടന്ന സമരപരിപാടികളിലും തരൂർ ഞായറാഴ്ച പ്രസംഗിച്ചു. മറ്റെവിടെയും പ്രശ്നങ്ങളുണ്ടായില്ല. എതിരഭിപ്രായങ്ങൾക്കും നമ്മുടെ രാജ്യത്ത് ഏറെ മൂല്യമുണ്ടെന്ന് തരൂർ പറഞ്ഞു. പൗരത്വനിയമത്തിൽ ആദ്യമായി മതം ഉൾപ്പെടുത്തിയതുവഴി വിവേചനമാണ് നടപ്പാക്കിയത്. ഇത് ഭരണഘടനാലംഘനമാണ്. ഇതോടൊപ്പംതന്നെ രാജ്യവ്യാപകമായി ദേശീയ പൗരത്വപ്പട്ടിക കൊണ്ടുവരുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നു. ഇതാണ് കോൺഗ്രസ് എതിർക്കുന്നതെന്നും തരൂർ പറഞ്ഞു.

Content Highlights: protest against shashi tharoor mp in jamia milia campus