ബെംഗളൂരു: പൗരത്വനിയമഭേദഗതി, ദേശീയപൗരത്വപ്പട്ടിക എന്നിവയ്‌ക്കെതിരേയുള്ള പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ബെംഗളൂരു ഉൾപ്പെടെ കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. വ്യാഴാഴ്ച രാവിലെ ആറുമുതൽ 21-ന് അർധരാത്രി വരെയാണ് നിരോധനാജ്ഞ. മുൻകരുതൽനടപടികളുടെഭാഗമായാണ് നിരോധനാജ്ഞയെന്ന് ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
വ്യാഴാഴ്ച വിവിധ രാഷ്ട്രീയ- സാമൂഹിക -വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധപരിപാടികൾ പ്രഖ്യാപിച്ചതു കണക്കിലെടുത്താണ് നിരോധനാജ്ഞ. മംഗളൂരുവിൽ ബുധനാഴ്ച രാത്രി ഒമ്പതുമുതൽ വെള്ളിയാഴ്ച അർധരാത്രി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
ബെംഗളൂരുവിൽ പ്രതിഷേധറാലികൾക്ക് അനുമതിനൽകില്ലെന്ന് സിറ്റി പോലീസ് കമ്മിഷണർ ഭാസ്‌കർ റാവു പറഞ്ഞു. റാലി നടത്താൻ രണ്ടു സ്വകാര്യകോളേജുകളിലെ വിദ്യാർഥികൾ അനുവാദംചോദിച്ചെങ്കിലും നിഷേധിച്ചു. പല സംഘടനകളും അനുമതിതേടിയിട്ടുണ്ടെങ്കിലും ആർക്കും അനുമതി നൽകില്ല. നിയമംലംഘിച്ച് ആരെങ്കിലും പ്രതിഷേധം നടത്തിയാൽ അവർക്കെതിരേ കർശന നടപടിയെടുക്കുമെന്ന് കമ്മിഷണർ പറഞ്ഞു.
അതേസമയം, ഇരുന്നുകൊണ്ടുള്ള പ്രതിഷേധപരിപാടികൾ പോലീസ് തടയില്ല. ബെംഗളൂരുവിൽ വ്യാഴാഴ്ച വിവിധ സംഘടനകൾ നടത്താനിരുന്ന ബഹുജന പ്രതിഷേധറാലിക്കും പോലീസ് അനുമതി നിഷേധിച്ചു.
Content Highlights: Action Ahead of Large-Scale Citizenship Act Protest