ലഖ്‌നൗ: കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി ജനവിധി തേടുന്ന അമേഠിയിൽ ഉപതിരഞ്ഞെടുപ്പുവന്നാൽ സഹോദരിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കും.

വയനാട്ടിലും അമേഠിയിലും മത്സരിക്കുന്ന രാഹുൽ രണ്ടിടത്തും ജയിച്ചാൽ ഒരു മണ്ഡലം ഒഴിയണം. ആ സാഹചര്യത്തിൽ രാഹുൽ വയനാട് നിലനിർത്തും എന്നാണ് സൂചന. കിഴക്കൻ യു.പി.യുടെ ചുമതലയുള്ള പ്രിയങ്കയെ സംസ്ഥാനരാഷ്ട്രീയത്തിൽ കൂടുതൽ സജീവമാക്കാൻ രാഹുൽ അമേഠി ഒഴിയുമെന്ന് സംസ്ഥാന കോൺഗ്രസിലെ ഒരു പ്രമുഖൻ ’മാതൃഭൂമി’യോട്‌ പറഞ്ഞു. ഉത്തർപ്രദേശിൽ 2022-ൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പാണ് പാർട്ടിയുടെ പ്രധാനലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ പറഞ്ഞാൽ അമേഠിയിൽ മത്സരിക്കുമെന്ന് കഴിഞ്ഞദിവസം മാതൃഭൂമി ന്യൂസിനോട്‌ പ്രിയങ്കയും വെളിപ്പെടുത്തിയിരുന്നു.

അമേഠിക്ക്‌ പുറമെ, രാഹുൽ വയനാട് തിരഞ്ഞെടുത്തത് പരാജയഭീതി കൊണ്ടാണെന്ന് പരക്കെ വിമർശനമുണ്ടായിരുന്നു. ബി.ജെ.പി.യും അമേഠിയിലെ പാർട്ടിസ്ഥാനാർഥി സ്മൃതി ഇറാനിയും അത്‌ പലവട്ടം ഉന്നയിക്കുകയും ചെയ്തു. പക്ഷേ, ആ പ്രചാരണം ജനങ്ങൾക്കിടയിൽ ഏശിയില്ലെന്നാണ് അമേഠി മണ്ഡലത്തിൽപെട്ട ടിക്കരിയ ഗ്രാമത്തിലെ പ്രധാൻ അരുൺ മിശ്ര പറയുന്നത്. ഹൃദയംകൊണ്ട്‌ കോൺഗ്രസിനൊപ്പം നിൽക്കുന്ന മണ്ഡലമാണ് അമേഠിയെന്ന് അദ്ദേഹം പ്രതികരിച്ചു.

രാഹുൽ കേരളത്തിലേക്ക്‌ ഓടി രക്ഷപ്പെട്ടെന്ന് ബി.ജെ.പി. പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ, പ്രിയങ്കയെ സുരക്ഷിതമാക്കാൻ അദ്ദേഹം വയനാട്ടിൽ മത്സരിച്ചെന്നാണ് ഞങ്ങളുടെ വിശ്വാസം. പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞതവണ രണ്ടിടത്ത്‌ മത്സരിച്ചില്ലേയെന്നും അരുൺ മിശ്ര ചോദിച്ചു.

വോട്ടുപിടിച്ചത്‌ വികസനത്തിന്റെ പേരിൽ

അതേസമയം, രാഹുൽ അമേഠി വിടുമെന്ന ചർച്ച ഗൗനിക്കാത്ത മട്ടിലാണ്‌ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പുപ്രവർത്തനം. അമേഠിയിലെ വികസനം ഉയർത്തിപ്പിടിച്ചായിരുന്നു പാർട്ടിയുടെ പ്രചാരണം. എച്ച്.എ.എൽ, ബി.എച്ച്.ഇ.എൽ, സഞ്ജയ് ഗാന്ധി ആശുപത്രി, റെയിൽ നീർ ഫാക്ടറി, പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയൊക്കെ വികസനനേട്ടങ്ങളായി കോൺഗ്രസ് എടുത്തു പറയുന്നു. ആയുധ ഫാക്ടറി മാത്രമാണ് എൻ.ഡി.എ. സർക്കാർ യാഥാർഥ്യമാക്കിയിട്ടുള്ളതെന്നും അതുതന്നെ കോൺഗ്രസ് തുടങ്ങിവെച്ചതാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.

യു.പി.യിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എട്ട്‌ മുതൽ 14 വരെ സീറ്റുകളിലാണ് കോൺഗ്രസ് നേതൃത്വം പ്രതീക്ഷയർപ്പിക്കുന്നത്. എന്തായാലും ഇപ്പോഴുള്ള രണ്ടു സിറ്റിങ് സീറ്റുകളേക്കാൾ നില മെച്ചപ്പെടുമെന്ന് നേതാക്കൾ ഉറപ്പിച്ചു പറയുന്നു. അതിൽ പ്രിയങ്കയുടെ പ്രവർത്തനമികവ്‌ പങ്ക് വഹിച്ചിട്ടുണ്ടെന്നും അവർ പറയുന്നു.

content highlights: priyanka may contest from amethi