ന്യൂഡൽഹി: കാൽനൂറ്റാണ്ടോളമായി താമസിക്കുന്ന തലസ്ഥാനത്തെ ഔദ്യോഗിക വസതിയിൽനിന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി വ്യാഴാഴ്ച പടിയിറങ്ങി. ന്യൂഡൽഹിയിലെ ലോധി എസ്റ്റേറ്റിലുള്ള വീട്ടിൽ പ്രിയങ്ക 1997-ലാണ് താമസം തുടങ്ങിയത്.

എസ്.പി.ജി. സുരക്ഷ പിൻവലിച്ച സാഹചര്യത്തിൽ വീട്ടിൽ തുടരാനാവില്ലെന്നു കാട്ടി കേന്ദ്രസർക്കാർ നൽകിയ നോട്ടീസിന്റെ കാലാവധി കഴിയുന്നതിന് രണ്ടുദിവസം മുമ്പാണ് പ്രിയങ്ക വീടൊഴിയുന്നത്. വീടിന്റെ വാടകക്കുടിശ്ശികയായ 3.26 ലക്ഷം രൂപ നോട്ടീസ് കിട്ടിയ ഉടൻ പ്രിയങ്ക ഓൺലൈനിലൂടെ അടച്ചിരുന്നു. ഭർത്താവ് റോബർട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ള ഹരിയാണയിലെ ഗുരുഗ്രാമിലുള്ള ഒഴിവുകാല വസതിയിലേക്കാണ് പ്രിയങ്കയും കുടുംബവും തത്കാലം മാറുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ന്യൂഡൽഹിയിൽ സ്ഥിരവിലാസമുള്ളൊരു വീട് പ്രിയങ്ക തിരയുന്നുണ്ട്. അതിനാൽ, വീട്ടു സാധനങ്ങളിൽ വലിയൊരു ഭാഗം അമ്മ സോണിയയുടെ വീടായ 10 ജൻപഥിലേക്ക് മാറ്റി.

വീടൊഴിയുന്ന ദിവസംതന്നെ ഉത്തർപ്രദേശിലെ ഡോക്ടർ കഫീൽ ഖാനെ തടങ്കലിൽ വെച്ചതിനെതിരേ പ്രിയങ്ക രംഗത്തുവന്നു. ദുരിത സാഹചര്യങ്ങളിൽ ജനങ്ങളെ സഹായിക്കാനിറങ്ങിയ കഫീൽ ഖാനു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് യു.പി. മുഖ്യമന്ത്രി ആദിത്യനാഥിന് പ്രിയങ്ക കത്തെഴുതി.

content highlights: priyanka gandhi vadra vacates official residence