ന്യൂഡൽഹി: അടുത്തവർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കോൺഗ്രസിനെ സജ്ജമാക്കാൻ ‘മിഷൻ യു.പി.’ പരിപാടിക്ക് തയ്യാറെടുത്ത് പ്രിയങ്കാ ഗാന്ധി. പാർട്ടിയെ താഴെത്തട്ടുമുതൽ ശക്തമാക്കുന്നതിനുള്ള പ്രവർത്തനം തുടങ്ങാൻ അടുത്ത മാസത്തോടെ ലഖ്‌നൗവിലേക്ക് താമസം മാറ്റാനൊരുങ്ങുകയാണ് പ്രിയങ്ക.

ജവാഹർലാൽ നെഹ്രുവിന്റെ ഭാര്യാ സഹോദരൻ കൈലാസ് നാഥ് കൗളിന്റെ ഭാര്യയായ ഷീല കൗളിന്റെ ലഖ്‌നൗവിലെ വീട് പ്രിയങ്കയുടെ സ്ഥിരതാമസത്തിനായി സജ്ജമാക്കിക്കഴിഞ്ഞു. പഞ്ചായത്തുതലംമുതൽ യോഗം വിളിക്കാനും പാർട്ടിയെ ശക്തിപ്പെടുത്താനും പ്രിയങ്ക പാർട്ടിനേതാക്കളോട് ആഹ്വാനംചെയ്തു. യോഗങ്ങളിൽ താൻ അപ്രതീക്ഷിതമായി എത്തുമെന്നും പ്രിയങ്ക അറിയിച്ചിട്ടുണ്ട്. ഒരു വർഷത്തിനപ്പുറം നടക്കുന്ന തിരഞ്ഞെടുപ്പ് ആവുമ്പോഴേക്കും പാർട്ടിയെ പൂർണമായും സജ്ജമാക്കാനുള്ള പ്രവർത്തനങ്ങളാണ് പ്രിയങ്ക ആസൂത്രണം ചെയ്യുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.

Content Highlight:  Priyanka Gandhi set to shift to Lucknow