ന്യൂഡൽഹി: റാലിക്കിടെ ആളുമാറി സിന്ദാബാദ് വിളിച്ച് അമളിപിണഞ്ഞിരിക്കുകയാണ് കോൺഗ്രസ് നേതാവ് സുരേന്ദർ കുമാറിന്. ന്യൂഡൽഹിയിൽ നടന്ന റാലിക്കിടെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കുപകരം ബോളിവുഡ് നടി പ്രിയങ്കാ ചോപ്രയ്ക്കാണ് കുമാർ സിന്ദാബാദ് വിളിച്ചത്.
വാർത്താ ഏജൻസിയായ എ.എൻ.ഐ.യാണ് കുമാർ മുദ്രാവാക്യം വിളിക്കുന്ന വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
“സോണിയാ ഗാന്ധി സിന്ദാബാദ്, കോൺഗ്രസ് പാർട്ടി സിന്ദാബാദ്, രാഹുൽ ഗാന്ധി സിന്ദാബാദ്, പ്രിയങ്കാ ചോപ്ര സിന്ദാബാദ്!” എന്നായിരുന്നു മുദ്രാവാക്യം. മുദ്രാവാക്യം വിളികേട്ട് സദസ്സിലുണ്ടായിരുന്ന ഡൽഹി കോൺഗ്രസ് അധ്യക്ഷൻ സുഭാഷ് ചോപ്ര ഞെട്ടുന്നതും വീഡിയോയിൽ കാണാം.
കുമാറിന്റെ വീഡിയോയ്ക്ക് വലിയപ്രചാരമാണ് സാമൂഹികമാധ്യമങ്ങളിൽ ലഭിച്ചത്. പ്രിയങ്കാ ചോപ്ര കോൺഗ്രസിൽ ചേർന്ന കാര്യം അറിഞ്ഞില്ലെന്നും വിവരം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ഒരാൾ പ്രതികരിച്ചു. നിങ്ങൾ ക്ഷീണിച്ചിരിക്കുമ്പോൾ ഈ വീഡിയോ കാണുക. എല്ലാത്തിനുമുള്ള മരുന്ന് അതിലുണ്ടെന്നും സമയം പോയതറിഞ്ഞില്ലെന്നും മറ്റൊരാൾ പറഞ്ഞു.
Content Highlights: Priyanka Gandhi Congress Priyanka Chopra