ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവത്കരിക്കുന്നതിനുള്ള ബാങ്കിങ് നിയമ ഭേദഗതി ബിൽ പാർലമെന്റിന്റെ വരുന്ന സമ്മേളനത്തിൽ അവതരിപ്പിക്കും.

ബാങ്കുകൾ സ്വകാര്യവത്കരിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റു പ്രസംഗത്തിൽ പ്രഖ്യാപിച്ചിരുന്നു. പെൻഷൻ ഫണ്ട് റഗുലേറ്ററി അതോറിറ്റി ഭേദഗതി ബിൽ, പാപ്പരത്ത നിയമഭേദഗതി ബിൽ എന്നിവയും ഇക്കുറി പാസാക്കും. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതിനുള്ള ബില്ലുകൾ പാസാക്കിയശേഷമേ ഇവ പരിഗണിക്കുകയുള്ളൂ. ആകെ 26 ബില്ലുകളാണ് ഇക്കുറി അജൻഡയിലുള്ളത്.

ബാങ്കുകൾ സ്വകാര്യവത്കരിക്കാനുള്ള ബിൽ കൊണ്ടുവരുന്നത് മാറ്റിവെക്കണമെന്ന് സി.പി.ഐ.നേതാവ് ഡി. രാജ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികൾ കൂടുതലും വൻ കമ്പനികളുടെതാണെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിക്കിടെ ജനങ്ങൾക്ക് തുടർച്ചയായി സേവനം നൽകിയത് പൊതുമേഖലാ ബാങ്കുകളാണ്. നിർദിഷ്ട ബിൽ പൊതുജനങ്ങളുടെ താത്പര്യത്തിന് എതിരാണെന്നും രാജ കുറ്റപ്പെടുത്തി.