ന്യൂഡൽഹി: സ്വകാര്യകമ്പനികൾക്ക് നൽകുന്ന 109 റെയിൽവേ റൂട്ടുകളിൽ മൂന്നെണ്ണം കേരളത്തിൽ സർവീസ് നടത്തുന്ന വണ്ടികളുടേത്. ചെന്നൈ-മംഗളൂരു പ്രതിവാരവണ്ടി, എറണാകുളം-കന്യാകുമാരി (ദിവസേന), കൊച്ചുവേളി-ഗുവാഹാട്ടി (ആഴ്ചയിൽ മൂന്നുദിവസം) എന്നിവയാണ് കേരളത്തിലൂടെ സർവീസ് നടത്തുന്ന നിർദിഷ്ടവണ്ടികൾ. ചെന്നൈ ക്ലസ്റ്ററിനുകീഴിലാണ് ഈ വണ്ടികൾ സർവീസ് നടത്തുക.

ചെന്നൈയിൽനിന്ന് ചൊവ്വാഴ്ച രാത്രി 7.10ന് പുറപ്പെടുന്ന വണ്ടി മംഗളൂരുവിൽ പിറ്റേന്ന് രാവിലെ 11-ന് എത്തും. തിരിച്ച് ബുധനാഴ്ച വൈകീട്ട്്്് 5.05 ന് പുറപ്പെട്ട് പിറ്റേന്നുരാവിലെ എട്ടരയ്ക്ക് ചെെന്നെയിലെത്തും.

എറണാകുളം-കന്യാകുമാരി വണ്ടി ഉച്ചയ്ക്ക്‌ രണ്ടിന് പുറപ്പെട്ട് രാത്രി എട്ടരയ്ക്ക് കന്യാകുമാരിയിലെത്തും. പിറ്റേന്നുരാവിലെ ആറിന് കന്യാകുമാരിയിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക്‌ 12ന് എറണാകുളത്തെത്തും. കൊച്ചുവേളി-ഗുവാഹാട്ടി വണ്ടി വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.30നാണ് പുറപ്പെടുക. ഗുവാഹാട്ടിയിൽനിന്ന് ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചതിരിഞ്ഞ് 3.10ന് പുറപ്പെടും. ചെന്നൈ-കന്യാകുമാരി റൂട്ടിലും ദിവസേന ഒരു വണ്ടി അനുവദിച്ചിട്ടുണ്ട്. എന്നാൽ, അതിന്റെ സർവീസ് കേരളത്തിലൂടെയായിരിക്കുമോ എന്ന് വ്യക്തമല്ല.

സ്വകാര്യമേഖലയ്ക്ക് തുറന്നുകൊടുക്കുന്ന റൂട്ടുകളിൽ ഇപ്പോഴുള്ള സർവീസുകൾ അതുപോലെ തുടരുമെന്ന് റെയിൽവേ ബോർഡ് ചെയർമാൻ വി.കെ.യാദവ് പറഞ്ഞു. സ്വകാര്യവണ്ടികൾക്കുവേണ്ട കോച്ചുകൾ മേയ്ക്ക് ഇൻ ഇന്ത്യ പ്രകാരമാണ് നിർമിക്കുക. സ്വകാര്യവണ്ടികളുടെ സർവീസ് 2023-ഓടെ മാത്രമേ ആരംഭിക്കൂ. തീവണ്ടി റൂട്ടുകൾ സ്വകാര്യവത്കരിക്കുന്നത് യാത്രക്കാർക്ക് കൂടുതൽ വണ്ടികൾ ലഭ്യമാക്കാനാണെന്ന്്് വി.കെ.യാദവ് പറഞ്ഞു. നിലവിലെ യാത്രാറൂട്ടിൽ അഞ്ചുശതമാനത്തിൽമാത്രമാണ് സ്വകാര്യമേഖലയെ അനുവദിക്കുന്നത്. 2800 മെയിൽ, എക്സ്പ്രസ് വണ്ടികൾ ഇപ്പോൾ റെയിൽവേ ഓടിക്കുന്നുണ്ട്.

മറ്റു പ്രധാന സ്വകാര്യവണ്ടികൾ

1. കോയമ്പത്തൂർ-ചെന്നൈ(ദിവസേന)

2. കോയമ്പത്തൂർ-തിരുെനൽവേലി(ദിവസേന)

3. ചെന്നൈ-തിരുെനൽവേലി(ദിവസേന)

4. ചെന്നൈ-തിരുച്ചിറപ്പള്ളി(ദിവസേന)

5. ചെന്നൈ-മധുര(ദിവസേന)

6. ചെന്നൈ-മുംബൈ(വ്യാഴം,ഞായർ)

7. ബെംഗളൂരു-ഡൽഹി(ദിവസേന)

8. ബെംഗളൂരു-ഹൗറ(ദിവസേന)

9. മൈസൂരു-ഭുവനേശ്വർ(ദിവസേന)

10. ഡൽഹി-ചെന്നൈ(ദിവസേന)

11. മുംബൈ-ഡൽഹി(ദിവസേന)