ന്യൂഡൽഹി: സ്വകാര്യാശുപത്രികൾക്ക് നിർമാതാക്കളിൽനിന്ന് നേരിട്ട് കോവിഡ് വാക്സിൻ വാങ്ങാൻ ‘കോവിൻ’ പോർട്ടലിലൂടെ മാത്രമേ ഓർഡർ നൽകാൻ സാധിക്കൂവെന്ന് കേന്ദ്രം. നിബന്ധന വ്യാഴാഴ്ച പ്രാബല്യത്തിൽവരും. എല്ലാ സ്വകാര്യാശുപത്രികളും സ്വകാര്യ വാക്സിനേഷൻ കേന്ദ്രം എന്ന നിലയ്ക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.

സ്വകാര്യ കേന്ദ്രങ്ങളുടെ പക്കലുള്ള വാക്സിൻ ഡോസുകളുടെ എണ്ണം ഓരോ മാസവും കേന്ദ്രം സംസ്ഥാന സർക്കാരുകളെ അറിയിക്കും. സംസ്ഥാനങ്ങൾ പ്രതിരോധ കുത്തിവെപ്പു പരിപാടി നടപ്പാക്കുമ്പോൾ ഇതുകൂടി കണക്കിലെടുക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു.

സ്വകാര്യാശുപത്രികൾ പോർട്ടലിലൂടെ വാക്സിൻ ഓർഡർ ചെയ്ത് പണമടച്ചു കഴിഞ്ഞാൽ അതിന്റെ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കേന്ദ്രം സഹായിക്കും. പ്രതിദിന ഉപയോഗം അടിസ്ഥാനപ്പെടുത്തിയാണ് വാക്സിൻ ലഭ്യമാക്കുക.

content highlights: private hospitals will get vaccine only via cowin portal