ന്യൂഡൽഹി: സർക്കാരും സി.എ.ജി.യും തമ്മിലുള്ള ഏറ്റുമുട്ടൽ മനോഭാവം മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാവിയിൽ േഡറ്റയായിരിക്കും ചരിത്രത്തെ ഭരിക്കുക. കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഓഫീസ് സംഘടിപ്പിച്ച ഓഡിറ്റ് ദിവസ് ഉദ്ഘാടനംചെയ്യുകയായിരുന്നു മോദി.

സി.എ.ജി.യുടെ ഓഡിറ്റുകളെ മുൻധാരണകളോടെ വീക്ഷിക്കുന്ന കാലമുണ്ടായിരുന്നു. സി.എ.ജി.യും സർക്കാരും തമ്മിലുള്ള ഏറ്റുമുട്ടൽ (സി.എ.ജി. Vs സർക്കാർ) എന്നത് പരിചിതമായ സങ്കല്പമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥർ (ബാബു) ഇങ്ങനെയാണ് പെരുമാറുകയെന്ന് ജനങ്ങളും, സി.എ.ജി.യിലെ ഉദ്യോഗസ്ഥർ ഇങ്ങനെ എല്ലാ കാര്യത്തിലും തെറ്റ്‌ കണ്ടുപിടിക്കുന്നവരാണെന്ന് സർക്കാർ ഉദ്യോഗസ്ഥരും കരുതിയിരുന്നു. ഈ മനോഭാവം മാറി. ഇപ്പോൾ മൂല്യവർധനത്തിനുള്ള പ്രധാന ഘടകമായി സി.എ.ജി.യുടെ ഓഡിറ്റിനെ ജനങ്ങൾ കരുതുന്നു.

കാലം കടക്കുമ്പോൾ വളരെ കുറച്ച് സ്ഥാപനങ്ങൾമാത്രമാണ് കൂടുതൽ കരുത്തുറ്റതും സ്വാഭാവികവും ഉപകാരപ്രദവുമായി തുടരുന്നത്. മൂന്നോ നാലോ ദശകങ്ങൾ പിന്നിടുമ്പോൾ സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് മിക്ക സ്ഥാപനങ്ങളുടെയും പ്രസക്തി നഷ്ടമാകുന്നു. എന്നാൽ, വളരെ വർഷങ്ങൾ കഴിഞ്ഞിട്ടും സി.എ.ജി.ക്ക് വലിയ പ്രസക്തിയാണുള്ളത്. ഈ പാരമ്പര്യത്തെ കാത്തുസൂക്ഷിക്കുകയും സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യേണ്ടത് തലമുറകളുടെ കടമയാണ്.

സി.എ.ജി.യുടെ നിർദേശങ്ങളെന്തായാലും സർക്കാർ സംവിധാനത്തിന്റെ മെച്ചപ്പെടുത്തലിനായി ഉപയോഗിക്കും. ധനക്കമ്മിയെക്കുറിച്ചും സർക്കാർ ചെലവുകളെക്കുറിച്ചും സി.എ.ജി. നൽകിയ താക്കീതുകൾ കേന്ദ്രസർക്കാർ ഉൾക്കൊള്ളുകയും അനുകൂലമനോഭാവത്തോടെ വീക്ഷിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ ശക്തമായ നടപടികൾ സ്വീകരിച്ചു. ഈ നടപടികളിലൂടെ രാജ്യത്തിന്റെ സാമ്പത്തികരംഗം കൂടുതൽ ശക്തിയാർജിച്ചു.

കഥകളിലൂടെയാണ് ചരിത്രം എഴുതപ്പെടുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ േഡറ്റാ എന്നത് വിവരങ്ങളാണ്. വരുംകാലത്ത് േഡറ്റാ ചരിത്രത്തെ ഭരിക്കും -പ്രധാനമന്ത്രി പറഞ്ഞു.