ന്യൂഡൽഹി: കോവിഡ് മഹാമാരിക്കാലത്ത് പഠിച്ച നല്ലകാര്യങ്ങൾ രാജ്യത്ത് പ്രായോഗികമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ കോവിഡ് വാക്സിനേഷൻ 100 കോടി ഡോസ് പിന്നിട്ടതിനു പിന്നാലെ വാക്സിൻ നിർമാതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഈ ആവശ്യമുന്നയിച്ചത്.

വാക്സിൻ നൽകൽ കൂട്ടുന്നതിന്റെ ഭാഗമായി കമ്പനികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ യോഗം ചർച്ച ചെയ്തു. കമ്പനികളുടെ മഹാമാരിക്കാലത്തെ കഠിനാധ്വാനത്തെയും ആത്മവിശ്വാസത്തെയും പ്രധാനമന്ത്രി പ്രകീർത്തിച്ചു.

സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, സൈഡസ് കാഡില, ബയോളജിക്കൽ ഇ., ജെന്നോവ ബയോഫാർമ, പനസിയ ബയോടെക് എന്നീ കമ്പനികളുടെ പ്രതിനിധികളെയാണ് പ്രധാനമന്ത്രി കണ്ടത്. ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ, സഹമന്ത്രി ഭാരതി പ്രധാൻ എന്നിവരും സംബന്ധിച്ചു.

വാക്സിനേഷൻ 100 കോടി ഡോസ് പിന്നിട്ടതോടെ ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണെന്നും ഭാവി വെല്ലുവിളികൾ നേരിടാൻ മരുന്നുകമ്പനികൾ ഒന്നിച്ചു പ്രവർത്തിക്കണമെന്നും ലോകനിലവാരമുള്ള മരുന്നുകൾ പുറത്തിറക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മരുന്നുനിർമാണ ചട്ടങ്ങളുൾപ്പെടെ ലഘൂകരിച്ച് സർക്കാർ ദീർഘവീക്ഷണത്തോടെ പിന്നിൽനിന്നതിനാലാണ് ഇത്രയും കാര്യക്ഷമതയിൽ പ്രവർത്തിക്കാനായതെന്ന് കമ്പനി പ്രതിനിധികൾ പറഞ്ഞു. പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിനെയും നേതൃത്വത്തെയും പ്രകീർത്തിച്ച പ്രതിനിധികൾ, സർക്കാരും മരുന്നു വ്യവസായമേഖലയും ഇത്രയും അടുത്തു പ്രവർത്തിച്ച മറ്റൊരു കാലമുണ്ടായിട്ടില്ലെന്നും അഭിപ്രായപ്പെട്ടു. രാജ്യത്ത് ആകെ വാക്സിൻ വിതരണം ശനിയാഴ്ചയോടെ 101.30 കോടി ഡോസ് പിന്നിട്ടു.

content highlights: prime minister narendra modi meets vaccine manufactures